മികച്ച തുടക്കം കളഞ്ഞുകുളിച്ച് രാജസ്ഥാൻ; പഞ്ചാബിന് 186 റൺസ് വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 186 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 നേടി ഓൾഔട്ടായി. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. 49 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മഹിപാൽ ലോംറോർ (43), എവിൻ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റൺ (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി 3 വിക്കറ്റ് സ്വന്തമാക്കി. (rajasthan royals innings punjab)
മികച്ച തുടക്കമാണ് എവിൻ ലൂയിസും യശസ്വി ജയ്സ്വാളും ചേർന്ന് രാജസ്ഥാൻ റോയൽസിനു നൽകിയത്. ലൂയിസ് ആയിരുന്നു കൂടുതൽ ആക്രമണകാരി. 54 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കണ്ടെത്തിയത്. ആറാം ഓവറിൽ ലൂയിസിനെ പുറത്താക്കിയ അർഷ്ദീപ് പഞ്ചാബിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. 36 റൺസെടുത്ത വിൻഡീസ് ഓപ്പണർ മായങ്ക് അഗർവാളിനു ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. സഞ്ജു (4) വേഗത്തിൽ മടങ്ങി. ഇഷാൻ പോറലിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ സഞ്ജുവിനെ പിടികൂടി. എന്നാൽ, ലൂയിസ് പുറത്തായതോടെ ആക്രമണ ചുമതല ഏറ്റെടുത്ത യശസ്വി ലിവിങ്സ്റ്റണുമായിച്ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 48 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം ലിവിങ്സ്റ്റൺ (25) മടങ്ങി. അർഷ്ദീപിൻ്റെ പന്തിൽ ഫേബിയൻ അലൻ്റെ തകർപ്പൻ ക്യാച്ചിലാണ് താരം പുറത്തായത്.
Read Also : രാജസ്ഥാനെതിരെ പഞ്ചാബിനു ഫീൽഡിംഗ്; ഇരു ടീമിലും അരങ്ങേറ്റക്കാർ
അഞ്ചാം നമ്പറിലെത്തിയ മഹിപാൽ ലോംറോർ അപാര ഫോമിലായിരുന്നു. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത താരം ദീപക് ഹൂഡയുടെ ഒരു ഓവറിൽ 24 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഇതിനിടെ ഫിഫ്റ്റിക്ക് ഒരു റൺ അകലെ യശസ്വി മടങ്ങി. താരത്തെ ഹർപ്രീത് ബ്രാർ മായങ്ക് അഗർവാളിൻ്റെ കൈകളിലെത്തിച്ചു. റിയാൻ പരഗ് (4), രാഹുൽ തെവാട്ടിയ (2) എന്നിവർ വേഗം മടങ്ങി. റിയാനെ അർഷ്ദീപ് മാർക്രത്തിൻ്റെ കൈകളിലെത്തിച്ചപ്പോൾ തെവാട്ടിയയെ ഷമി ക്ലീൻ ബൗൾഡാക്കി. ഇതിനിടെ, തകർത്തടിച്ചിരുന്ന മഹിപാൽ ലോംറോർ (43) അർഷ്ദീപിൻ്റെ പന്തിൽ മാർക്രം പിടിച്ച് പുറത്തായി. മോറിസിനെയും (5) മാർക്രം തന്നെ പിടികൂടി. ഷമിക്കായിരുന്നു വിക്കറ്റ്. ചേതൻ സക്കരിയ (7), കാർത്തിക് ത്യാഗി (1) എന്നിവർ അവസാന രണ്ട് പന്തുകളിൽ അർഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ താരം അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു.
Story Highlights : rajasthan royals first innings punjab kings ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here