കോമാനു പകരക്കാരെ തിരഞ്ഞ് ബാഴ്സലോണ; പട്ടികയിൽ സാവി ഉൾപ്പെടെ പ്രമുഖർ

പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കാനൊരുങ്ങി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ക്ലബ് ഡച്ച് പരിശീലകനെ പുറത്താക്കാനൊരുങ്ങുന്നത്. ഇതേപ്പറ്റി ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും ചില രാജ്യാന്തര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേൽക്കുന്നത്. (ronald koeman sacked barcelona)
ബാഴ്സയുടെ മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ് ഉൾപ്പെടെ പ്രമുഖർ പകരക്കാരുടെ പട്ടികയിലുണ്ട്. ഇൻ്റർ മിലാൻ്റെ മുൻ പരിശീലകൻ അൻ്റോണിയോ കോണ്ടെ, ജർമ്മൻ സൂപ്പർ പരിശീലകൻ ജോക്വിം ലോ, ഇറ്റാലിയൻ ഇതിഹാസ താരവും യുവൻ്റസിൻ്റെ മുൻ പരിശീലകനുമായ ആന്ദ്രേ പിർലോ, അർജൻ്റൈൻ ക്ലബ് റിവർപ്ലേറ്റിൻ്റെ പരിശീലകൻ മാഴ്സലോ ഗയ്യർഡൊ, ബെൽജിയം ടീം പരിശീലകൻ റോബറോ മാർട്ടിനസ് തുടങ്ങിയവരെയൊക്കെ ബാഴ്സ പരിഗണിക്കുന്നുണ്ട്.
പരിശീലകനാവണമെങ്കിൽ ചില നിബന്ധനകൾ സാവി മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സീസണിലേക്കെങ്കിലും ബാഴ്സ കരാർ നൽകണം. ഒപ്പം, ബാഴ്സ കേളീശൈലിയുമായി ഒത്തുപോകാത്ത താരങ്ങളെ റിലീസ് ചെയ്യും. ലാ മാസിയയിൽ നിന്ന് കൂടുതൽ താരങ്ങളെ കണ്ടെത്തി അവരെ ഫസ്റ്റ് ടീമിൽ കളിപ്പിച്ച് മെച്ചപ്പെടുത്തിയെടുക്കും. എർലിൻ ഹാലൻഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കും എന്നതൊക്കെ സാവി മുന്നോട്ടുവച്ച ആശയങ്ങളാണ്.
Story Highlights : ronald koeman set to be sacked fc barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here