ലെസ്കോവിച്ചും ഡയസുമെത്തി; വാസ്കസ് അടുത്തയാഴ്ച എത്തിയേക്കുമെന്ന് സൂചന

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച 6 വിദേശ താരങ്ങളിൽ അഞ്ച് പേരും ഇന്ത്യയിലെത്തി. ക്രൊയേഷ്യൻ സെൻ്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും അർജൻ്റൈൻ മുന്നേറ്റ താരം ജോർജ് പെരേര ഡയസുമാണ് ഏറ്റവും അവസാനമായി ഇന്ത്യയിൽ വിമാനമിറങ്ങിയത്. ഇനി സ്പാനിഷ് മുന്നേറ്റ താരം ആൽവാരോ വാസ്കസ് കൂടിയാണ് എത്താനുള്ളത്. താരം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് സൂചന. (kerala blasters isl players)
ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണയും ബോസ്നിയൻ സെൻ്റർ ബാക്ക് എനസ് സിപോവിച്ചുമാണ് ആദ്യം ടീമിനൊപ്പം ചേർന്നത്. ഓഗസ്റ്റിൽ ടീം ക്യാമ്പിൽ ചേർന്ന ഇവർ ഡ്യുറൻഡ് കപ്പിനു മുൻപുള്ള സന്നാഹ മത്സരത്തിൽ അടക്കം കളിച്ചു. ഭൂട്ടാനീസ് വിങ്ങർ ചെഞ്ചോ ഡ്യുറൻഡ് കപ്പിനിടെയാണ് ടീമിനൊപ്പം ചേർന്നത്. ഡൽഹി എഫ്സിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ അരങ്ങേറുകയും ചെയ്തു. ഡയസ് ഡ്യുറൻഡ് കപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും ടീമിനൊപ്പം ചേരാൻ വൈകി. വിസയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ കുടുങ്ങിയ താരം ബ്ലാസ്റ്റേഴ്സ് പുറത്തായതിനു ശേഷമാണ് എത്തിയത്.
Read Also : ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്ത്
ഐഎസ്എലിനായി വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. വാസ്കസ് ഗോവയിൽ ടീമിനൊപ്പം ചേരും.
ഡ്യുറൻഡ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഡൽഹി എഫ്സിയുടെ ജയം. വില്ലിസ് പ്ലാസയാണ് ഡൽഹിക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിൻ്റെ ദൗർഭാഗ്യവും മോശം ഗ്രൗണ്ടും മത്സര ഫലത്തിൽ നിർണായ സ്വാധീനമായി.
ചളി നിറഞ്ഞ ഗ്രൗണ്ടിലായിരുന്നു കളി. ഇത് താരങ്ങളുടെ പ്രകടനങ്ങളെ ബാധിച്ചു. കഴിഞ്ഞ മത്സരത്തിൽ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് ലഭിച്ചതിനാൽ അവർ ഇല്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എങ്കിലും മികച്ച ചില അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. പക്ഷേ, ഗോൾ നേടാനായില്ല. ആദ്യ പകുതി ഗോൾരഹിത സമനില ആയെങ്കിലും 53ആം മിനിട്ടിൽ വില്ലിസ് പ്ലാസ ബ്ലാസ്റ്റേഴ്സ് ഗോൾവല തുളച്ചു. ചളിയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം വഴുതി വീണത് മുതലെടുത്താണ് താരം സ്കോർ ചെയ്തത്. അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 88, 95 മിനിട്ടുകളിൽ കെപി രാഹുലും വിൻസി ബരെറ്റോയും തൊടുത്ത ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.
Story Highlights: kerala blasters isl players arrived
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here