19
Oct 2021
Tuesday
Covid Updates

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (23-09-2021)

  today's headlines

  27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ

  ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ്. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

  പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് ചോദ്യം

  പൊതുജനങ്ങള്‍ക്കെതിരായ അസഭ്യവര്‍ഷത്തില്‍ വീണ്ടും പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വാഹനപരിശോധയ്ക്കിടെ കൊല്ലത്ത് ഡോക്ടറെ അപമാനിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിഷയത്തില്‍ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

  കൊവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി

  കൊവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു.

  തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല; പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്

  തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിച്ചില്ല. 43 അംഗ കൗണ്‍സിലില്‍ 18 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്വാറം തികയാന്‍ 22 പേര്‍ വേണമെന്നിരിക്കെയാണ് പ്രമേയ അവതരണം പാളിയത്. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൂടാതെ നാല് സ്വതന്ത്രരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

  ചിന്നക്കനാലില്‍ വീണ്ടും മരംകൊള്ള; റവന്യൂ ഭൂമിയില്‍ നിന്ന് ലക്ഷങ്ങളുടെ മരംമുറിച്ചുകടത്തി

  ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ നിന്ന് മരംമുറിക്കല്‍. ചിന്നക്കനാലിലെ എട്ടേക്കര്‍ റവന്യൂ ഭൂമിയില്‍ നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് റവന്യൂ ഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിക്കടത്താന്‍ ശ്രമിച്ചത്. 250 ലധികം വരുന്ന ഗ്രാന്‍ഡിസ് മരങ്ങളാണ് വെട്ടിക്കടത്തിയത്.

  സംസ്കൃത സർവകലാശാല: വീണ്ടും അനധികൃത നിയമനമെന്ന് പരാതി

  കാലടി സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനമെന്ന് പരാതി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചുവെന്നാണ് ആരോപണം. വിജ്‍ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നടത്തിയത്. താത്കാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ സർവകലാശാലയിൽ നടത്താറില്ല.

  ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന്; സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കും

  സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

  മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

  മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാൾ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും.

  Story Highlights: today’s headlines

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top