ഡൽഹിയിൽ കോടതി പരിസരത്ത് വെടിവെയ്പ്പ്; ഗുണ്ടാത്തലവൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു
ഡൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്പ്. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി അടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. ഗോഗിയെ വിചാരണയ്ക്കായി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ രണ്ട് അക്രമികളെ വധിച്ചു. ഒരു അഭിഭാഷക ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
നോർത്ത് ഡൽഹിയിലെ രോഹിണി ജില്ലാ കോടതിയിലെ രണ്ടാം നിലയിൽ 207 ആം നമ്പർ മുറിക്കുള്ളിലാണ് സംഭവം നടന്നത്. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഗോഗി കൊല്ലപ്പെട്ടെന്ന് രോഹിണി ഡിസിപി പ്രണവ് തയൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഡൽഹി പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു ജിതേന്ദ്ര ജോഗി. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്.
Read Also : താനെയിലെ കൂട്ട ബലാത്സംഗക്കേസ്: 2 പേർ കൂടി അറസ്റ്റിൽ; ആകെ പിടിയിലായത് 28 പേർ
ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാൾക്ക് അകമ്പടി നൽകാനെത്തിയ സെപ്ഷ്യൽ സെല്ലിൻ്റെ നോർത്തൺ റേഞ്ച് ഓഫീസർമാരായ ഹെഡ് കോൺസ്റ്റബിൾ കുൽദീപ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ്, കോൺസ്റ്റബിൾ രോഹിത്ത് എന്നിവർ ചേർന്ന് രണ്ട് അക്രമികളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് തവണ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തുവെന്നാണ് വിവരം. രണ്ട് പിസ്റ്റൽ ഗണ്ണുകളാണ് അക്രമികൾ ഉപയോഗിച്ചിരുന്നത്.
ഉത്തർപ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ രാഹുൽ, ദില്ലിയിലെ ബക്കാർവാലാ സ്വദേശിയായ മോറിസ് എന്നിവരാണ് ഗോഗിയെ വെടിവെച്ചു കൊന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കൊല്ലപ്പെടുത്തിയവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതായും ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗോഗിയുടെ മുഖ്യശത്രുവും എതിർഗ്യാംഗിൽപ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് ദില്ലി പൊലീസിൻ്റെ പ്രാഥമിക നിഗമനം. മറ്റൊരു കേസിൽ ഡൽഹി പൊലീസിൻ്റെ പിടിയിലായ ഇയാളിപ്പോൾ തീഹാർ ജയിലിൽ റിമാൻഡിലാണ്. ഗോഗിയുടേയും തിലു താജ്പൂരിയുടേയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഇതുവരെ 25 പേർ കൊലപ്പെട്ടെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ജിതേന്ദ്രർ മൻ എന്നാണ് ഗോഗിയുടെ ശരിയായ പേര് കഴിഞ്ഞ വർഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Story Highlights: Firing in Delhi Rohini court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here