സൗരവ് ഗാംഗുലിയോടുള്ള ആരാധന കൊണ്ടാണ് ഇടങ്കയ്യനായത്: വെങ്കടേഷ് അയ്യർ

ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ ആരാധകനാണ് താനെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ വെങ്കടേഷ് അയ്യർ. ഗാംഗുലിയെ കണ്ടാണ് വലം കയ്യനായിരുന്ന താൻ ഇടങ്കയ്യൻ ബാറ്റ്സ്മാനായതെന്നും താരം പറഞ്ഞു. ഐപിഎൽ രണ്ടാം പാദത്തിൽ രണ്ട് മത്സരങ്ങൾ കൊണ്ട് തന്നെ വെങ്കടേഷ് ശ്രദ്ധ നേടിയിരുന്നു. (Sourav Ganguly Venkatesh Iyer)
“സത്യത്തിൽ, സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്നതുകൊണ്ട് തന്നെ എനിക്ക് കൊൽക്കത്തയോടായിരുന്നു താത്പര്യം. കൊൽക്കത്തയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൻ്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. എല്ലാവരും എന്നെ സ്വാഗതം ചെയ്തു. ഒരുപാട് സമ്മാനങ്ങൾ ലഭിച്ചു. ഞാൻ ദാദയുടെ ഒരു വലിയ ആരാധകനാണ്. ലോകമെമ്പാടും അദ്ദേഹത്തിനുള്ള ആരാധകരിൽ ഒരാളാണ് ഞാൻ. എൻ്റെ ബാറ്റിംഗിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ വലങ്കയ്യൻ ബാറ്റ്സ്മാനായിരുന്നു. പക്ഷേ, ദാദയെ അനുകരിച്ച് ഞാൻ ഇടങ്കയ്യനാവുകയായിരുന്നു. അദ്ദേഹം അറിയാതെ എൻ്റെ ബാറ്റിംഗിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.”- വെങ്കടേഷ് പറഞ്ഞു.
Read Also : അടുത്ത മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ കളിച്ചേക്കും: മുംബൈ ബൗളിംഗ് പരിശീലകൻ
രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ 27 പന്തിൽ 41 റൺസെടുത്ത് പുറത്താവാതെ നിന്ന താരം കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 30 പന്തുകളിൽ 53 റൺസെടുത്ത് പുറത്തായി. വെറും 25 പന്തുകളിലാണ് താരം ഫിഫ്റ്റി തികച്ചത്.
26കാരനായ വെങ്കടേഷ് മധ്യപ്രദേശുകാരനാണ്. 2015ൽ മധ്യപ്രദേശിനായി അരങ്ങേറിയ താരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളാണ് ഉള്ളത്. വലങ്കയ്യൻ മീഡിയം പേസർ കൂടിയായ വെങ്കടേഷ് 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 36.33 ശരാശരിയിൽ 545 റൺസ് നേടിയിട്ടുണ്ട്. 7 വിക്കറ്റുകളും താരത്തിനുണ്ട്. ലിസ്റ്റ് എ കരിയറിൽ 47.16 ശരാശരി കാത്തുസൂക്ഷിക്കുന്ന താരം 849 റൻസാണ് ആകെ നേടിയിരിക്കുന്നത്. ലിസ്റ്റ് എയിൽ 10 വിക്കറ്റുകളും താരത്തിനുണ്ട്. 38 ടി-20 മത്സരങ്ങളിൽ നിന്ന് 36.20 ശരാശരിയിൽ 724 റൺസ് നേടിയിട്ടുള്ള താരം 21 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെ കീഴടക്കിയിരുന്നു. ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രം നേടാനേ മുംബൈ ഇന്ത്യൻസിനു കഴിഞ്ഞുള്ളൂ. ഇത് വെറും 15.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി കൊൽക്കത്ത മറികടന്നു.
Story Highlights: Sourav Ganguly Venkatesh Iyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here