Advertisement

പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച പെൺക്കുട്ടി; ആരാണ് സോഷ്യൽ മീഡിയ തിരയുന്ന സ്നേഹ ദുബെ…

September 27, 2021
Google News 1 minute Read

യുഎന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിയ്ക്കുന്ന ഒരു പെൺക്കുട്ടി. ഉറച്ച ശബ്ദത്തിൽ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് അവർ പറഞ്ഞ ഓരോ മറുപടിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വായടപ്പിക്കുന്നതായിരുന്നു. ആരാണ് സോഷ്യൽ മീഡിയ തിരയുന്ന ഈ പെൺക്കുട്ടി. പേര് സ്നേഹ ദുബെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇവരുടെ പേരാണ്. അറിയാം സ്നേഹ ദുബെയെ കുറിച്ച്…

2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയാണ് സ്നേഹ ദുബെ. നിലവിൽ യുഎന്നിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഗോവയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്നേഹ ഉപരിപഠനത്തിനായി പൂനെ ഫെർഗൂസൺ കോളേജിലും ഡൽഹി ജെഎൻയുവിലെ സ്കൂൽ ഒഫ് ഇന്‍റർനാഷണൽ സ്റ്റഡീസിൽ നിന്ന് എംഫിലും കരസ്ഥമാക്കി.

സ്നേഹയുടെ പന്ത്രണ്ടാം വയസ്സിലാണ് ഐഎഫ്എസ് ഓഫീസർ ആകാനുള്ള ആഗ്രഹം ഉദിയ്ക്കുന്നത്. 2011ൽ ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയും വിദേശകാര്യ സർവീസ് തെരഞ്ഞെടുക്കുകയും ചെയ്തു. ഐഎഫ്എസിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ദുബെയുടെ ആദ്യ നിയമനം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. തുടർന്ന് 2014 ൽ ഓഗസ്റ്റിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ചു. കുടുംബത്തിലെ ആദ്യത്തെ ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് സ്നേഹ. അച്ഛൻ മൾട്ടി നാഷണൽ കമ്പനി ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമാണ്.

ചെറുപ്പം മുതലെ പുതിയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും പുതിയ സംസ്കാരങ്ങളെ കുറിച്ചറിയാനും സ്നേഹയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഈ ഇഷ്ടമാണ് ഐഎഫ്എസിലേക്ക് നയിച്ചത്. കൂടാതെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള താത്പര്യവും സ്നേഹയെ ഐഎഫ്എസ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചു. കൂടാതെ യാത്രകളും സ്നേഹയ്ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് സ്നേഹയെ തേടിയെത്തുന്നത്. പാകിസ്ഥാൻ അർഹിക്കുന്ന മടുപടിയാണിതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.

യുഎന്നിൽ സ്നേഹയുടെ മറുപടി:

ലോക സംഘടനയിൽ പാകിസ്ഥാൻ നിലപാടുകളോട് പൊതുവെ അവഗണന മനോഭാവമാണ് ഇന്ത്യ വെച്ചുപുലർത്താറുള്ളത്. എന്നാൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് ഇന്ത്യയുടെ യുഎൻ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ നൽകിയത്. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ ആഗോള അംഗീകാരം നേടിയ രാജ്യമാണ് പാകിസ്ഥാൻ എന്നും ഭീകരർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നയമാണ് പാകിസ്ഥാൻ പിന്തുടരുന്നതെന്നും സ്നേഹ ദുബെ ആഞ്ഞടിച്ചു. സൈനിക നഗരമായ അബോട്ടാബാദിൽ 2011 ലെ റെയ്ഡിൽ യുഎസ് പ്രത്യേക സേന വധിച്ച 9/11 സൂത്രധാരൻ ഒസാമ ബിൻ ലാദന് പാകിസ്ഥാൻ അഭയം നൽകിയെന്നും അവർ ആരോപിച്ചു.

യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവനങ്ങൾക്കാണ് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. ഇന്ത്യയ്‌ക്കെതിരെ ഇതാദ്യമായല്ല പാകിസ്ഥാൻ ദുരുദ്ദേശപരമായ തെറ്റായ ആരോപണം നടത്താൻ യുഎൻ വേദി ഉപയോഗിക്കുന്നത്. “തീവ്രവാദികൾ സ്വതന്ത്രമായി വിഹരിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ, അത്രയും പരിതാപകരമായ അവസ്ഥയിൽ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്.”

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ വീഡിയോ പ്രസംഗത്തിൽ ഇന്ത്യയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങൾക്കാണ് സ്നേഹ ദുബെ ശക്തമായി തിരിച്ചടിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ചും പാകിസ്ഥാൻ അനുകൂല വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെക്കുറിച്ചും ഖാൻ പ്രസംഗത്തിൽ സംസാരിച്ചു. ഇസ്ലാമോഫോബിയയുടെ ഏറ്റവും മോശവും വ്യാപകവുമായ രൂപമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതെന്നും പ്രസംഗത്തിൽ ഖാൻ പറഞ്ഞു. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്.

Read Also : ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്താൻ ലക്ഷ്യം; മറുപടി നൽകി ഇന്ത്യ

യുഎൻ വേദിയിൽ സ്നേഹ നടത്തിയ പ്രതികരണം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ. പാകിസ്താന്റെ ഈ നയങ്ങൾ കാരണം ലോകം മുഴുവൻ കഷ്ട്ടപെടുകയാണെന്നും സ്നേഹ പറഞ്ഞു. ജമ്മു കശ്മീരും ലഡാകും ഇന്ത്യയുടെ അവിഭാജ്യ ഘടങ്ങളാണ്. പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും ഇന്ത്യയുടേതാണെന്നും നിയമവിരുദ്ധമായി അധീനതയിലുള്ള എല്ലാ പ്രദേശങ്ങളും ഉടൻ ഒഴിഞ്ഞു പോകണമെന്നും ഞങ്ങൾ പാകിസ്താനോട് ആവശ്യപ്പെടുന്നു എന്നും സ്നേഹ ദുബെ ആവർത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here