Advertisement

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

October 1, 2021
Google News 1 minute Read
kt jaleel

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു. kt jaleel

ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ബന്ധുവല്ലായിരുന്നെങ്കില്‍ ജലീലിന്റെ വാദങ്ങള്‍ പരിശോധിക്കുമായിരുന്നു എന്നും കോടതി പറഞ്ഞു. ബന്ധുവിന്റെ നിയമനത്തിന് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹര്‍ജി പരിഗണിക്കാതിരുന്നതോടെ സുപ്രിംകോടതിയില്‍ നിന്ന് ജലീലിനുണ്ടായത് വലിയ തിരിച്ചടിയാണ്. ലോകായുക്തയുടെ കണ്ടെത്തലുകളും അത് ശരിവച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു കെ.ടി ജലീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിവാദവുമായി ബന്ധപ്പെട്ട് ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു.

Read Also : ബന്ധുനിയമനം : ഹൈക്കോടതി വിധിക്കെതിരെ കെ.ടി ജലീൽ സുപ്രിംകോടതിയിൽ

തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഉന്നയിച്ച വാദം. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ വാദം.

Story Highlights: kt jaleel, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here