ആളൂർ പീഡനക്കേസ്; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് സുപ്രിംകോടതിയിൽ

ആളൂർ പീഡനക്കേസിൽ പാസ്റ്ററും പ്രതിയുമായ സി.സി. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് സുപ്രിംകോടതിയിൽ. തെളിവുകൾ ശേഖരിക്കാൻ ജോൺസനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വർഷങ്ങൾ പിന്നിട്ട സംഭവമായതിനാൽ നിർണായക തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഒളിമ്പ്യൻ മയൂഖ ജോണി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ആളൂർ പീഡനക്കേസിൽ, ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടർ സുപ്രിംകോടതിക്ക് കൈമാറി. 2016 ജൂലൈ ഒൻപതിന് പ്രതി സി.സി. ജോൺസൺ ഇരയെ പീഡിപ്പിച്ചെന്നാണ് പരാതി. 2016ൽ നടന്ന സംഭവം ഇര ഭർത്താവിനോട് പറയുന്നത് ഈ വർഷം മാർച്ചിലാണ്. ഇതിന് പിന്നാലെയാണ് പരാതി ലഭിച്ചതും, കേസ് രജിസ്റ്റർ ചെയ്തതുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
2016ലെ സംഭവമായത് കൊണ്ടുതന്നെ മെഡിക്കൽ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചില്ല. പ്രതി അശ്ലീല ചിത്രങ്ങൾ അയച്ചുവെന്ന് പറയുന്ന ഫോൺ, ഇരയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു. മാനസികാഘാതത്തെ തുടർന്ന് വസ്ത്രം കത്തിച്ചുകളഞ്ഞെന്നും ഇര മൊഴി നൽകി. മൊബൈൽ ടവറും, കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിഷ്ഫലമായി. ഒരുവർഷത്തിൽ കൂടുതലുള്ള രേഖകൾ മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ല. ഇരയും പ്രതിയും സംഭവസമയത്ത് ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്രീയ, ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ച് തെളിയിക്കാനുള്ള ശ്രമങ്ങൾ പാഴായെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവസമയത്ത് ജോൺസൺ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കണം. ഫോൺ ഇംഗ്ലണ്ടിലെ ഒരു കടയിൽ മാറ്റിവാങ്ങാനായി നൽകിയെന്നാണ് പ്രതി പറയുന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് സുപ്രിംകോടതിയെ അറിയിച്ചു.
Story Highlights: crime branch on aloor case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here