Advertisement

ഗോളടിച്ചും അടിപ്പിച്ചും സുവാരസ്; ബാഴ്സക്കെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ജയം

October 3, 2021
Google News 2 minutes Read
atletico madrid won barcelona

ലാ ലിഗയിൽ എഫ്സി ബാഴ്സലോണക്കെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ഉജ്ജ്വല ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയെ തകർത്തത്. ബാഴ്സയുടെ മുൻ താരം ലൂയിസ് സുവാരസ് ഒരു ഗോളടിക്കുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു. (atletico madrid won barcelona)

അത്‌ലറ്റികോ മാഡ്രിഡിൻ്റെ തട്ടകമായ വാൻഡ മെട്രോപോളിറ്റാനയിലായിരുന്നു മത്സരം. 23ആം മിനിട്ടിൽ അവർ ലീഡെടുത്തു. തോമസ് ലീമാർ ആയിരുന്നു ഗോൾ സ്കോറർ. ലൂയിസ് സുവാരസ് ഗോളിലേക്കുള്ള വഴിയൊരുക്കി. 44ആം മിനിട്ടിൽ അത്‌ലറ്റികോ രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ലീമാറിൻ്റെ അസിസ്റ്റിൽ നിന്ന് സുവാരസ് ആണ് ടെർ സ്റ്റേഗനെ കീഴടക്കിയത്. ഗോൾ നേടിയതിനു ശേഷം ആഘോഷിക്കാൻ തയ്യാറാവാതിരുന്ന സുവാരസ് ബാഴ്സ ആരാധകരോട് കൈകൂപ്പി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, തന്നെ ബാഴ്സയിൽ നിന്ന് ഒഴിവാക്കിയ പരിശീലകൻ റൊണാൾഡ് കോമാനെ സുവാരസ് പരിഹസിച്ചു. 60 സെക്കൻഡ് നീളുന്ന ഒരു ഫോൺ കോളിലൂടെയാണ് സുവാരസിനെ തനിക്ക് ആവശ്യമില്ലെന്ന് കോമാൻ അറിയിച്ചത്. ഇതിനെ ഫോൺ കോളിൻ്റെ ആംഗ്യത്തിലൂടെ സുവാരസ് കോമാനെ പരിഹസിക്കുകയായിരുന്നു.

Read Also : ഇന്നത്തെ മത്സരഫലം എന്തായാലും കോമാൻ തുടരും: ബാഴ്സലോണ പ്രസിഡന്റ്

മത്സരത്തിലെ ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്. ഒന്നാമതുള്ള റയൽ മാഡ്രിഡിനും അത്ര തന്നെ പോയിന്റാണുള്ളതെങ്കിലും ​ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലാണ്.

അതേസമയം, അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടക്കുന്ന ലാ ലിഗ മത്സരത്തിൻ്റെ ഫലം എന്തായാലും ബാഴ്സലോണ പരിശീലകനായി റോണാൾഡ് കോമാൻ തുടരുമെന്ന് ക്ലബ് പ്രസിഡൻ്റ് യുവാൻ ലാപോർട്ട പറഞ്ഞു. കോമാൻ ബാഴ്സലോണയുടെ ഇതിഹാസ താരമാണെന്നും ക്ലബ് വളരെയേറെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് കോമാൻ പരിശീലക സ്ഥാനം ഏറ്റെടുത്തതെന്നും ലാപോർട്ട വ്യക്തമാക്കി.

കോമാനെ ബാഴ്സലോണ പുറത്താക്കാനൊരുങ്ങുകയാണെന്ന് അടുത്തിടെ ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ക്ലബ് ഡച്ച് പരിശീലകനെ പുറത്താക്കാനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളെ തള്ളിയാണ് ലപോർട്ട രംഗത്തെത്തിയത്. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേൽക്കുന്നത്.

Story Highlights: atletico madrid won barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here