Advertisement

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമാക്കി മുംബൈയും രാജസ്ഥാനും ഇന്നിറങ്ങും

October 5, 2021
Google News 2 minutes Read
mumbai indians rajasthan royals

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈക്കും 12 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റാണ് ഉള്ളത്. പ്ലേ ഓഫിലേക്ക് ഇനി ഒരു ടീമിനു മാത്രമേ പ്രവേശിക്കാനാവൂ. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. (mumbai indians rajasthan royals)

ബാറ്റർമാരാണ് മുംബൈയെ വിഷമസന്ധിയിലാക്കിയിരിക്കുന്നത്. യുഎഇയിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും മുംബൈ പരാജയപ്പെട്ടു. അവസാന മത്സരങ്ങളിൽ സൂര്യകുമാർ യാദവും ഹർദ്ദിക് പാണ്ഡ്യയും ഫോമിലെത്തിയത് ആശ്വാസകരമാണെങ്കിലും ഓപ്പണിംഗ് മുതൽ മുംബൈക്ക് പ്രശ്നങ്ങളുണ്ട്. രോഹിതും ഡികോക്കും സ്ഥിരതയില്ലാതെയാണ് കളിക്കുന്നത്. 116 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന ഡികോക്ക് മുംബൈക്ക് മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെടുന്നു. പൊള്ളാർഡ് ഫോമിലല്ല. കൃണാൽ കഴിഞ്ഞ സീസണുകളുടെ നിഴൽ മാത്രമാണ്. ഹർദ്ദിക്കും സൂര്യകുമാറും ഫോമിലേക്ക് തിരികെ വരുന്നതിൻ്റെ സൂചനകൾ നൽകുന്നുണ്ടെങ്കിലും അവരെ എത്രത്തോളം വിശ്വസിക്കാമെന്നതിൽ ഇപ്പോഴും ധാരണ ആയിട്ടില്ല.

ബൗളിംഗിലും പഴയ മൂർച്ചയില്ല. യുഎഇയിൽ മങ്ങിയ ആദം മിൽനെയ്ക്ക് പകരമെത്തിയ നതാൻ കോൾട്ടർനൈൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. കൃണാൽ, രാഹുൽ ചഹാർ, ട്രെൻ്റ് ബോൾട്ട് എന്നിവരൊന്നും കഴിഞ്ഞ സീസണിലെ പ്രകടനത്തിൻ്റെ അടുത്ത് എത്തിയിട്ടില്ല. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീം തന്നെയാവും രാജസ്ഥാനെതിരെയും ഇറങ്ങുക. ലഭിച്ച അവസരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ജയന്ത് യാദവ് ടീമിൽ തുടരും.

Read Also : ഐ.പി.എൽ; ഒരു ബൗണ്ടറി പോലുമില്ല; ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ധോണി

സഞ്ജുവിൻ്റെ പ്രകടനം മാത്രം പോസ്റ്റീവായുണ്ടായിരുന്ന രാജസ്ഥാൻ ഒരു ഗംഭീര ജയത്തിൻ്റെ ഹാങ്ങോവറിലാണ് ഇന്ന് എത്തുന്നത്. അതും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 190 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും 17.3 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. മുംബൈയെ പരാജയപ്പെടുത്താനുള്ള ഒരു പ്രത്യേക കഴിവ് കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ കാഴ്ചവച്ചിട്ടുണ്ട്. അതുകൂടി പരിഗണിച്ചാൽ സഞ്ജുവും സംഘവും ആത്മവിശ്വാസത്തിലാവും.

മോശം ഫോമിലുള്ള റയാൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർക്ക് പകരം ടീമിലെത്തിയ ശിവം ദുബെ, ഗ്ലെൻ ഫിലിപ്സ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസ് മുംബൈക്കെതിരെ മാറ്റങ്ങളില്ലാതെ ഇറങ്ങിയേക്കും. ഭേദപ്പെട്ട ബൗളിംഗ് നിര ഉണ്ടായിരുന്ന രാജസ്ഥാനെ ബാറ്റർമാരാണ് കൈവിട്ടിരുന്നത്. കഴിഞ്ഞ മത്സരത്തിൽ അതിനൊരു മാറ്റം വന്നു. തെവാട്ടിയ വിക്കറ്റ് കോളത്തിൽ മടങ്ങിയെത്തിയത് രാജസ്ഥാന് മറ്റൊരു ആശ്വാസമാണ്. ഓപ്പണർമാരുടെ തരക്കേടില്ലാത്ത ഫോമും മോശമല്ലാത്ത ബൗളിംഗ് നിരയും രാജസ്ഥാന് മുൻതൂക്കം നൽകുന്ന ഘടകങ്ങളാണ്.

ഷാർജയിലെ ബൗളിംഗ് പിച്ചിലാണ് മത്സരം. അതുകൊണ്ട് തന്നെ ഒരു ലോ സ്കോറിങ് മത്സരമാണ് പ്രതീക്ഷിക്കേണ്ടത്. ഇതേ കാരണം കൊണ്ട് തന്നെ ശിവം ദുബെ എത്രത്തോളം എഫക്ടീവാകുമെന്നതും ഒരു ചോദ്യമാണ്. രോഹിതും ഡികോക്കും സ്പിന്നർമാർക്കെതിരെ പതറുന്നതിനാൽ ഒരു അധിക സ്പിന്നർ ഇന്ന് ടീമിൽ കളിച്ചാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കിൽ ആകാശ് സിംഗിനു പകരം ശ്രേയാസ് ഗോപാൽ എത്താനും പവർ പ്ലേ ഓവറുകളിൽ പന്തെറിയാനും സാധ്യതയുണ്ട്.

Story Highlights: ipl mumbai indians rajasthan royals preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here