Advertisement

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി: ഡാർക് വെബിൽ ഓർഡർ, ബിറ്റ്‌കോയിൻ വഴി പണം; കൂടുതൽ വിവരങ്ങൾ

October 5, 2021
Google News 2 minutes Read
NCB Bitcoin dark web

മുംബൈ ആഡംബരക്കപ്പലിലെ രഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളി ഇടനിലക്കാരൻ ശ്രേയസ് നായർ വമ്പൻ ലഹരി കച്ചവടക്കാരനെന്ന് നാർക്കോട്ടിക്സ് ബ്യൂറോ. പണമിടപാടുകൾക്കായി ഇയാൾ ക്രിപ്റ്റോ കറൻസിയാണ് ഉപയോഗിച്ചിരുന്നത്. ഡാർക്ക് വെബ് വഴി ഓർഡർ സ്വീകരിച്ച ശേഷം ബിറ്റ്‌കോയിൻ വഴി പണമിടപാട് നടത്തുകയായിരുന്നു ഇയാളുടെ രീതി എന്നും നാർക്കോട്ടിക്സ് ബ്യൂറോ അറിയിച്ചു. (NCB Bitcoin dark web)

കപ്പലിൽ യാത്ര ചെയ്ത 25 പേർക്ക് ഇയാൾ ലഹരി വസ്തുക്കൾ കൈമാറി എന്നാണ് സൂചന. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആഡംബരക്കപ്പലിൽ യാത്ര ചെയ്യാൻ ഇയാളും തീരുമാനിച്ചിരുന്നെങ്കിലും അവസാന സമയം പിന്മാറുകയായിരുന്നു. ആര്യൻ്റെയും അർബാസിൻ്റെയും ചാറ്റുകളിൽ നിന്നാണ് ശ്രേയാസ് നായരെപ്പറ്റി എൻസിബി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എൻസിബി കണ്ടെത്തിയത്.

അതേസമയം, കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ അർബാസ് മെർച്ചന്റുമായി എൻസിബി സംഘം തെളിവെടുപ്പ് തുടരുകയാണ്.

Read Also : മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; രണ്ടുപേര്‍ കൂടി പിടിയില്‍

ലഹരിപാർട്ടി കേസിൽ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരാണ് നിലവിൽ എൻസിബിയുടെ കസ്റ്റഡിയിലുള്ളത്. ആഡംബര കപ്പലിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചുനൽകിയവർക്കായി മുംബൈയിൽ വിവിധ ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണ്. ഈ റെയ്ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കേസിൽ ആര്യൻ ഖാൻ, മുൻമുൻ ധമേച്ച, അർബാസ് മെർച്ചന്റ് എന്നിവരെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതിൽ സ്ഥിരമായി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളത് അർബാസ് മെർച്ചന്റിനാണ് എന്ന കണ്ടെത്തലിലാണ് എൻസിബി. ഇതിന്റെ അടിസ്ഥാനത്തിൽ അർബാസിനെ കസ്റ്റഡിയിൽ ലഭിച്ച ഉടനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെയാണ് ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചത്. മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കടെ കോടതിയിൽ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആര്യൻ ഖാൻ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്.

Story Highlights: NCB Bitcoin dark web

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here