വിനു മങ്കാദ് ട്രോഫി: കേരളം ചരിത്രത്തിൽ ആദ്യമായി പ്രീ ക്വാർട്ടറിൽ

വിനു മങ്കാദ് അണ്ടർ 19 പുരുഷ ഏകദിന ടൂർണമെൻ്റിൽ ചരിത്രത്തിലാദ്യമായി കേരളം പ്രീ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ രാജസ്ഥാനാണ് കേരളത്തിൻ്റെ എതിരാളികൾ. ഒക്ടോബർ 11ന് അഹ്മദാബാദിൽ മത്സരം നടക്കും. (vinoo mankad trophy kerala)
എലീറ്റ് ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിൽ പ്രവേശിച്ചത്. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയും സഹിതം 10 പോയിൻ്റുള്ള കേരളം മികച്ച റൺനിരക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഘട്ടം കടക്കുകയായിരുന്നു. ഗ്രൂപ്പിൽ പഞ്ചാബ്, ബറോഡ ടീമുകൾക്കും 10 പോയിൻ്റാണ് ഉണ്ടായിരുന്നത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബറോഡക്കെതിരെ കാഴ്ച വച്ച മികച്ച മികച്ച ബാറ്റിംഗ് പ്രകടനം പ്രീ ക്വാർട്ടറിനൊരുങ്ങുന്ന കേരളത്തിന് പ്രതീക്ഷയാണ്. കേരളത്തിൻ്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ മഴ പെയ്യുകയും ഇരു ടീമുകളും പോയിൻ്റ് പങ്കിടുകയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി. 5 ഓവറിൽ 4 വിക്കറ്റിന് 20 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തെ അഞ്ചാം വിക്കറ്റിൽ ഷോൺ റോജർ- രോഹൻ നായർ സഖ്യം കരകയറ്റുകയായിരുന്നു. 183 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഇരുവരും സെഞ്ചുറി നേടി. 120 പന്തിൽ 121 റൺസെടുത്ത റോജർ 42ആം ഓവറിൽ പുറത്തായെങ്കിലും രോഹൻ (100) പുറത്താവാതെ നിന്നു.
അതേസമയം, വനിതാ ടൂർണമെൻ്റിൽ കേരളം നോക്കൗട്ട് കടക്കാതെ പുറത്തായി. എലീറ്റ് ഗ്രൂപ്പ് ഡിയിൽ 12 പോയിൻ്റുമായി മധ്യപ്രദേശിനും (16 പോയിൻ്റ്) ബറോഡയ്ക്കും (16) പിന്നിൽ മൂന്നാം സ്ഥാനത്ത് എത്താനേ കേരളത്തിനു സാധിച്ചുള്ളൂ.
Story Highlights: vinoo mankad trophy kerala pre quarter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here