Advertisement

പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും

October 6, 2021
Google News 2 minutes Read
monson mavunkal

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിയവരുടെ കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. മോൻസൺ മാവുങ്കലിനെ കാണാൻ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി സ്പർജൻ കുമാർ ഇന്ന് കൊച്ചിയിലെത്തും. അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക. പാലാ സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യഹർജി.

Read Also : മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

അതേസമയം, മോൻസൺ മാവുങ്കൽ ഒക്ടോബർ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ തുടരും. പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

Story Highlights: CCTV footage will be collected from Monson Mavunkal’s home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here