ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; ചെന്നൈ പഞ്ചാബിനെയും രാജസ്ഥാൻ കൊൽക്കത്തയെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനാണ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം, ഇന്നത്തെ മത്സരം വിജയിക്കാനായാൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം എന്നത് പഞ്ചാബിനും നിർണായകമാണ്. രണ്ടാം മത്സരത്തിലാവട്ടെ, ഈ കളി വിജയിച്ചാൽ നാലാം സ്ഥാനക്കാരായി കൊൽക്കത്ത പ്ലേ ഓഫിലെത്തും. ജയത്തോടെ ഐപിഎൽ പൂർത്തിയാക്കുകയാവും രാജസ്ഥാൻ്റെ ലക്ഷ്യം. (csk pbks rr kkr)
18 പോയിൻ്റാണ് നിലവിൽ ചെന്നൈക്കുള്ളത്. ഇന്ന് പഞ്ചാബിനെതിരെ വിജയിക്കാനായാൽ ആകെ പോയിൻ്റ് 20 ആവുകയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ ചെന്നൈക്ക് സാധിക്കുകയും ചെയ്യും. ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ അവസാനത്തെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് പരുങ്ങലിലാണ്. ഹൈ സ്കോറിംഗ് മാച്ചിൽ രാജസ്ഥാൻ ആദ്യം ചെന്നൈയെ ഞെട്ടിച്ചപ്പോൾ ലോ സ്കോറിങ് ത്രില്ലറിൽ ഡൽഹിയാണ് ചെന്നൈക്ക് പിന്നീട് പണികൊടുത്തത്. ഈ തോൽവികൾ ഏപിച്ച ആഘാതത്തിൽ നിന്ന് തിരികെ വരേണ്ടത് ചെന്നൈക്ക് അത്യാവശ്യമാണ്.
ഓപ്പണർമാർ കഴിഞ്ഞാൽ കാറ്റുപോകുന്ന മധ്യനിര തന്നെയാണ് ചെന്നൈയുടെ ദൗർബല്യം. റെയ്ന ഫോമില്ല, പകരമെത്തിയ ഉത്തപ്പ എങ്ങനെയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. ധോണി ഫോമിലല്ല. മൊയീൻ അലി നിരാശപ്പെടുത്തുന്നു. അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയുമാണ് പ്രതീക്ഷകൾ. പ്ലേ ഓഫിനു മുൻപ് മധ്യനിരയുടെ ദൗർബല്യങ്ങൾ പരിഹരിക്കുക തന്നെയാവും ചെന്നൈ മാനേജ്മെൻ്റിൻ്റെ ശ്രമം. ടീമിൽ മാറ്റം ഉണ്ടായേക്കില്ല.
Read Also : ആവേശം വാനോളം; ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം
പഞ്ചാബിൻ്റെ പ്രശ്നങ്ങൾ അല്പം കൂടി വിസിബിളാണ്. 10 പോയിൻ്റുള്ള അവർ ഓപ്പണർമാർ മടങ്ങിയാൽ തീർന്നു. മാർക്രമിൻ്റെ ചില ഇന്നിംഗ്സുകൾ മാത്രമാണ് പ്രതീക്ഷ. പൂരാൻ, ഹൂഡ എന്നിവരൊക്കെ ഫോമിൽ തിരികെയെത്തണം. ഹൂഡ ടീമിൽ തിരികെ എത്തിയേക്കും. സർഫറാസ് പുറത്തിരിക്കും. ഇന്നത്തെ കളി ജയിച്ചാൽ 12 പോയിൻ്റുമായി പ്ലേ ഓഫ് സാധ്യത തത്വത്തിൽ നിലനിർത്താമെന്നല്ലാതെ പ്ലേ ഓഫ് യോഗ്യത നേടുക പ്രാക്ടിക്കൽ അല്ല.
കൊൽക്കത്തയ്ക്ക് കാര്യങ്ങൾ (കടലാസിൽ) സിമ്പിളാണ്. കളി ജയിച്ച് പ്ലേ ഓഫിൽ കയറുക. 12 പോയിൻ്റുള്ള കൊൽക്കത്തയാണ് നിലവിൽ കൊൽക്കത്തയ്ക്ക് ഉള്ളത്. ഈ കളി ജയിച്ചാൽ അവർക്ക് 14 പോയിൻ്റാവും. മുംബൈയെക്കാൾ മികച്ച നെറ്റ് റൺ റേറ്റ് ഉള്ളതിനാൽ അടുത്ത കളി മുംബൈ ഉയർന്ന മാർജിനിൽ വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് ഭയക്കേണ്ടതുള്ളൂ. വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവർ ഫോമിലാണ്. ശുഭ്മൻ ഗിൽ കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് തിരികെ എത്തിയത് കൊൽക്കത്തയ്ക്ക് വലിയ ആത്മവിശ്വാസം നൽകും. ഷാക്കിബ് അൽ ഹസൻ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. മീഡിയം പേസർമാർ ഷാർജയിൽ നേട്ടമുണ്ടാക്കിയെന്നത് ടിം സൗത്തിക്ക് പകരം ബെൻ കട്ടിംഗിനോ ആന്ദ്രേ റസലിനോ അവസരം നൽകും.
രാജസ്ഥാൻ റോയൽസ് പ്രവചനാതീതരാണ്. സ്ഥിരത ആർക്കുമില്ല. സഞ്ജു റൺ വേട്ടയിൽ മുന്നിലുണ്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ല. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ എവിൻ ലൂയിസ് മാച്ച് ഫിറ്റല്ലെങ്കിൽ ലിവിങ്സ്റ്റൺ എത്തും. ഷാർജ പിച്ച് പരിഗണിച്ച് ക്രിസ് മോറിസ് തിരികെയെത്താനും സാധ്യതയുണ്ട്. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റ് കൊണ്ട് പ്രയോജനം ചെയ്യാത്ത ദുബെയ്ക്ക് ഓവറുകൾ നൽകില്ലെങ്കിൽ പകരം മഹിപാൽ ലോംറോർ തിരികെയെത്തും.
Story Highlights: ipl csk pbks rr kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here