ബെത്ത് മൂണിയ്ക്ക് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് 150 റൺസ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസാണ് നേടിയത്. 61 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. 44 റൺസ് നേടി പുറത്താവാതെ നിന്ന തഹ്‌ലിയ മഗ്രാത്ത് കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ഫോം തുടർന്നു. (australa women india t20)
തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. സ്കോർബോർഡിൽ വെറും അഞ്ച് റൺസ് മാത്രമുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അപകടകാരിയായ അലിസ ഹീലിയെ പുറത്താക്കിയ രേണുക സിംഗ് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. മെഗ് ലാനിംഗ് (14) ഹിറ്റ്‌വിക്കറ്റായി മടങ്ങിയത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി. ആഷ്‌ലി ഗാർഡ്നർ (1), എലിസ് പെറി (8) എന്നിവർ വേഗം പുറത്തായി. യഥാക്രമം പൂജ വസ്ട്രാക്കറും ദീപ്തി ശർമ്മയുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.
Read Also : ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20; മൂന്നാം മത്സരം ഇന്ന്
അഞ്ചാം വിക്കറ്റിൽ മൂണിക്ക് കൂട്ടായി തഹ്‌ലിയ എത്തിയതോടെ ഓസ്ട്രേലിയ വീണ്ടും മേൽക്കൈ നേടി. കൃത്യമായ് ഇടവേളകളിൽ ബൗണ്ടറികൾ നേടിയ അവർ വളരെ വേഗത്തിൽ സ്കോർ ഉയർത്തി. ഇതിനിടെ മൂണി 36 പന്തിൽ ഫിഫ്റ്റി നേടി. ഫിഫ്റ്റിക്ക് പിന്നാലെ മൂണി (61) പുറത്തായി. രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മൂണിയെ മടക്കി അയച്ചത്. അഞ്ചാ വിക്കറ്റിൽ 44 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളിയായത്. മൂണി പുറത്തായതിനു ശേഷം തുടർ ബൗണ്ടറികൾ നേടിയ തഹ്‌ലിയ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഏഴാം നമ്പറിലെത്തിയ ജോർജിയ വെയർഹാമും ചില ബൗണ്ടറികൾ നേടി. ആറാം വിക്കറ്റിൽ തഹ്‌ലിയ-ജോർജിയ സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്.
കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 119 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 42 റൺസ് നേടിയ തഹ്‌ലിയ മഗ്രാത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ബെത്ത് മൂണി 34 റൺസെടുത്തു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Story Highlights: australa women innings india t20