കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ല: സിപിഐഎം പിബി വിലയിരുത്തൽ

കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഐഎം പിബിയിൽ വിലയിരുത്തൽ. ഇപ്പോഴും ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണ് എന്നാൽ വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് പി ബി വിമർശനം. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും പിബി വിലയിരുത്തൽ.
പ്രതിപക്ഷ പാർട്ടിക്കൾക്ക് ഏറെ നിർണ്ണായകമാണ് 2024ലെ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്. ഇതിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നയ സമീപനങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സിപിഐഎം പാർട്ടി കോൺഗ്രസിലാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നയസമീപനങ്ങൾ സ്വീകരിക്കുക. ഈ രാഷ്രീയ പ്രമേയത്തിന്റെ കരട് രൂപം നൽകാനുള്ള നിർണ്ണായക പി ബി യോഗമാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്. ഈ മാസം 22ന് ചേരുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കരടിന് അന്തിമ രൂപമാകും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ, ലഖിംപുർ ഖേരി സംഭവം, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റ അജണ്ടയിലുണ്ട്.
ബിജെപിക്ക് എതിരായ കർഷക – തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വർഗ-ബഹുജന സംഘടനകൾ ജനക്ഷേമ വിഷയങ്ങളിൽ കൂടുതൽ ഇടപെടണം. ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികൾക്കൊപ്പം പ്രക്ഷോഭം നടത്തണം. തെരഞ്ഞെടുപ്പ് ധാരണയിൽ കോൺഗ്രസിനെ മാറ്റി നിർത്താനാവില്ലെന്നും യോഗം വിലയിരുത്തി. അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയത്തിന് രൂപം നൽകുന്ന സിപിഐഎം പോളിറ്റ് ബ്യുറോയോഗത്തിലാണ് ഈ നിർദ്ദേശം ചില അംഗങ്ങൾ ഉന്നയിച്ചത്.
Story Highlights: cpim-polit-buro-on-joining-hands-with-congress-