ലഖിംപുർ കൂട്ടക്കൊല: ആശിഷ് മിശ്രയെ കുരുക്കിയത് മൊഴികളിലെ വൈരുധ്യം; അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

ലഖിംപുരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിയത് മൊഴികളിലെ വൈരുധ്യം. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. ആശിഷ് മിശ്ര 2 മണി മുതൽ 4 വരെ ഗുസ്‌തി മത്സരം നടക്കുന്നിടത് ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോർട്ട്. സംഭവ സ്ഥലത്തിനടുത്ത് അരി മില്ലിൽ ആയിരുന്നെന്ന് മൊഴി മാറ്റിയതും തിരിച്ചടിയായി. കർഷകർക്ക് നേരെ പാഞ്ഞുകയറിയ വാഹനം ആശിഷ് മിശ്രയുടേതെന്ന് പൊലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തൻറെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
Read Also : സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം
അതേസമയം, മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കർഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. അതേസമയം ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിൻറെ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിൻറെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയോട് വ്യക്തമാക്കി.
Story Highlights: lakhimpur-kheri-violence-ministers-son-ashish-mishra-remanded