സിനിമാനടനാകും മുന്നേ ആരാധനകൊണ്ട് എന്റെ അച്ഛന്റെ അഡ്രസ് പറഞ്ഞ് വേണു ചേട്ടനെ പോയി കണ്ട് പരിചയം പുതുക്കുമായിരുന്നു ; നടൻ മുകേഷ്

സിനിമാനടനാകും മുന്നേ എനിക്ക് വളരെ പരിചയമുള്ളയാളാണ് നെടുമുടി വേണു. ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന് ഒരു മിമിക്രി/മോണോ ആക്ട് ട്രൂപ്പുണ്ടായിരുന്നു. അവിടെ വച്ച് അഭിനയം കൊണ്ടും കഴിവ് കൊണ്ടും തന്നെ വളരെ അധികം വിസ്മയിപ്പിച്ചയാളാണ് നെടുമുടി വേണു. പിന്നീട് ചാക്യാർ കൂത്ത് കണ്ടിട്ടുണ്ട് അതിലും അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു എന്ന് എംഎൽഎയും നടനുമായ മുകേഷ് പറഞ്ഞു.
അന്ന് തുടങ്ങിയ ആരാധനയാണ് ഇപ്പോഴും തുടരുന്നതും. ശരിക്കും അദ്ദേഹത്തോടുള്ള ആരാധന അതിന്റെ ക്ലൈമാക്സിൽ എത്തുന്നത് കൊല്ലം വിമൻസ് കോളജിൽ കാവാലം നാരായണ പണിക്കർ സാറിന്റെ നാടകം അരങ്ങേറി അത് മോഡേൺ നാടകം എന്ന് അറിഞ്ഞിട്ട് അത് കാണാൻ പോയി അത്ഭുതപ്പെട്ട അനുഭവം ഞാൻ ഇപ്പോഴും ഓർക്കുന്നതായി മുകേഷ് 24 നോട് പറഞ്ഞു.
Read Also : ‘എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ, എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല’; മോഹൻലാൽ
പിന്നീട് എന്റെ അച്ഛന്റെ അഡ്രസ് പറഞ്ഞു പലപ്പോഴായി അദ്ദേഹത്തെ പോയി പരിചയപ്പെടുമായിരുന്നു. ഞാൻ സിനിമയിൽ വന്നതിന് ശേഷം അന്നുമുതൽ ഈ നിമിഷം വരെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്റെ സ്വന്തം സഹോദരൻ തന്നെയായിരുന്നു നെടുമുടി വേണു. സിനിമയിലുള്ള എല്ലാകാര്യത്തിലും അദ്ദേഹം വളരെ വലിയ രീതിയിലുള്ള സഹായങ്ങളും ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും ഞാൻ അദ്ദേഹവുമായി സഞ്ചരിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്‌തിട്ടുണ്ട്. നാടകം സിനിമ ചാനൽ ഷോകൾ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഉപദേശം നൽകിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയം വളരെ ഖേദിക്കുന്നു എന്നും മുകേഷ് പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Story Highlights: mukesh-mla-about-nedumudivenu-