23
Oct 2021
Saturday
Covid Updates

  വിടവാങ്ങിയത് മലയാള സിനിമയിലെ അഭിനയകുലപതി

  nedumudi venu life

  നടന്‍ നെടുമുടി വേണുവിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം. മലയാള സിനിമയില്‍ തന്റേതായ ഇടം എക്കാലത്തേക്കുമായി കോറിയിട്ട മഹാനടനാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. നാടകരംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. നാടക കുലപതി കാവാലം നാരായണപ്പണിക്കരുടെ സോപാനം ആയിരുന്നു അരങ്ങ്.മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വ്യത്യസ്തമായ സംസാരശൈലിയും നര്‍മവും ഗൗരവും ദുഖവും നിറഞ്ഞ അഞ്ചുപതിറ്റാണ്ടുനീണ്ട അഭിനയജീവിതം മലയാളിക്കുസമ്മാനിച്ചു. തിരക്കഥാ രചനയിലും സിനിമാ സംവിധാനത്തിലും കഴിവുതെളിയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്.

  1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനുവഴിയൊരുക്കി. 1989ല്‍ പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ആ പ്രതിഭാധനനെ തേടിയെത്തി. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003ല്‍ ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.1981, 1987, 2004 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1980, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

  ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.

  പാച്ചി എന്ന അപരനാമത്തിലാണ് നെടുമുടി വേണു തിരക്കഥകളെഴുതിയത്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. നാടന്‍ പാട്ടിലും കഥകളിയിലും മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
  തകര, ആരവം, പഞ്ചാഗ്നി, യവനിക, പാളയങ്ങള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വിടപറയും മുമ്പേ, പഞ്ചവടിപ്പാലം, അപ്പുണ്ണി, ആരണ്യകം, അമ്പട ഞാനേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

  സിനിമാതിരക്കുകളിലേക്കുകടന്നപ്പോഴാണ് അതുവരെ കൂടെയുണ്ടായിരുന്ന പത്രപ്രവര്‍ത്തനം എന്ന തൊഴില്‍ നെടുമുടി വേണു ഉപേക്ഷിച്ചത്. കൂട്ടുകാരനായും സഹോദരനായും അച്ഛനായും മുത്തച്ഛനായും വേഷപ്പകര്‍ച്ചകള്‍ പകര്‍ന്നാടിയ നെടുമുടി വേണു മലയാള സിനിമാ ലോകത്ത് പകരം വെക്കാനാവാത്ത, സ്വതസിദ്ധമായ ശൈലികള്‍ക്കുടമയാണ്.

  Story Highlights: nedumudi venu life

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top