Advertisement

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍

October 12, 2021
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്.

പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍, 5 ഡോക്ടര്‍മാര്‍, 1 ഫ്‌ളോര്‍ മാനേജര്‍ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്. ഈ സേവനങ്ങള്‍ക്ക് പുറമേയാണ് കൊവിഡ് 19 മരണത്തിനുള്ള അപ്പീലിന്റെ ഹെല്‍പ്പ് ലൈനായി ദിശയെ ചുമതലപ്പെടുത്തിയത്.

ഇ-ഹെല്‍ത്ത് കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. ഐ.സി.എം.ആര്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവര്‍ക്കുള്ള അപേക്ഷ ഫോം കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് സിഡിഎസി അംഗീകാരത്തിന് ശേഷം പുതിയ ഐ.സി.എം.ആര്‍. മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here