27
Oct 2021
Wednesday
Covid Updates

  സംസ്ഥാനത്ത് മഴ ശക്തം; പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

  kerala tourist places closed

  സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടിൽ ഒഴുക്കിൽ പെട്ട് ഒരാളും മരിച്ചു. വിവിധ ഇടങ്ങളിൽ കെട്ടിടം തകർന്നും, മരം കടപുഴകി വീണും അപകടങ്ങൾ സംഭവിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളിൽ ജലനിരപ്പുയരുകയാണ്. ( kerala tourist places closed )

  കോഴിക്കോട് വടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണു. കൈനാട്ടിയിൽ ദേശീയപാതയ്ക്ക് അരികിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. കെട്ടിടത്തിൽ ആറ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ തകർന്ന ഭാഗം തൊട്ടടുത്തുള്ള ഹോട്ടലിന്റെ അടുക്കള ഭാഗത്തേക്കാണ് വീണത്. ഹോട്ടലിന്റെ അടുക്കളയിൽ ജീവനക്കാർ ഇല്ലാത്തതിരുന്നതിനാൽ ആളപായമുണ്ടായില്ല. കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും അപകട ഭീഷണിയിലാണ്. മാവൂർ, പാവമണി റോഡുകളിൽ വെള്ളം കയറിയതോടെ നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

  വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് പരിക്ക്. നടവയൽ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിന്റെ ഭാര്യ സീതയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പരിക്ക് ഗുരുതരമല്ല.ഉച്ചയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നത്. അതേസമയം വയനാട്ടിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ശക്തമായ മഴ ഇല്ലാത്തതിനാൽ വയനാട്ടിൽ ഉടൻ ക്യാമ്പുകൾ തുടങ്ങില്ല.എല്ലാ തദ്ദേശ, വില്ലേജ് സ്ഥാപനങ്ങളും അവധി ദിവസങ്ങളായ 14,15,17 തീയ്യതികളിൽ തുറന്ന് പ്രവർത്തിക്കണമെന്നും കളക്ടർ അറിയിച്ചു.

  Read Also : കനത്ത മഴ; ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജം, വടക്കൻ ജില്ലകളിൽ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നു: കെ രാജന്‍

  എറണാകുളം ജില്ലയിൽ മഴ ചെറിയ രീതിയിൽ ശമിച്ചു. മലയോര മേഖലകളിലും നഗര പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞു. ആലുവ ശിവക്ഷേത്രത്തിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതി സാഹചര്യം നിലനിൽക്കുന്നതിനാൽ ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയിട്ടുണ്ട്. 22 അംഗ സംഘമാണ് ജില്ലയിൽ എത്തിയത്. സേനാംഗങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക്കുമായി ചർച്ച നടത്തി. തുടർന്ന് പറവൂർ താലൂക്കിലെ പുത്തൻവേലിക്കര, ചേന്ദമംഗലം പ്രദേശങ്ങൾ സന്ദർശിച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ പുത്തൻവേലിക്കര, കുന്നുകര , ചേന്ദമംഗലം പഞ്ചായത്തുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ ക്യാമ്പുകൾ പൂർണ്ണ സജ്ജമാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്ക് നിർദേശം നൽകിയിട്ടുണ്ട്.

  അട്ടപ്പാടി ചുരം റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകകയാണ്. പറമ്പിക്കുളം, തുണക്കടവ്, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു. എറണാകുളത്തും ഇടുക്കിയും കനത്തമഴയ്ക്ക് ശമനമുണ്ട്.മുല്ലപ്പെരിയാറിലെ ജല നിരപ്പ് 128.60 അടിയും. ഇടുക്കി ഡാമിൽ 2389.52 അടിയുമാണ്.തൃശൂരിൽ ചാലക്കുടിക്ക് പുറമെ ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ വീടുകളിലും കടകളിലും വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  Story Highlights: kerala tourist places closed

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top