Advertisement

പ്രിയ നടന് ആദരമർപ്പിച്ച് കലാകേരളം; സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു

October 12, 2021
1 minute Read

മഹാനടൻ നെടുമുടി വേണു ഇനി ഓർമ. തിരുവനന്തപുരം ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. സിനിമാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ നടനെ അവസാനമായി ഒരു നോക്കുകാണാൻ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയത്.

രാവിലെ പത്തേകാലോടെ അയ്യങ്കാളി ഹാളിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നര വരെ പൊതുദർശനത്തിന് വച്ചു. രാഷ്ട്രീയ രംഗത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, സ്പീക്കർ എം.ബി രാജേഷ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ നെടുമുടി വേണുവിന് അന്തിമോപചാരം അർപ്പിച്ചു. നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, ടി.പി മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരും എത്തി.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തിയിരുന്നു. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നെടുമുടി വേണുവിന്റെ ആരോഗ്യനില പിന്നീട് വഷളാകുകയായിരുന്നു.

Story Highlights: nedumudi venu funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement