വികസന കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമെന്ന് സിപിഐഎം; കെ-റെയിലില്‍ ആശങ്ക വേണ്ട

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമെന്ന് സിപിഐഎം. കെ-റെയിലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും സിപിഐഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. a vijayaraghavan
‘കെ-റെയില്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരം വികസനങ്ങളോട് നിഷേധാത്മക സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ഈ സമീപനം ഒഴിവാക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിയ എല്ലാ വിഷയങ്ങള്‍ക്കും വ്യക്തമായ മറുപടി നിയമസഭയില്‍ നല്‍കിയിട്ടുണ്ട്. അതിലാര്‍ക്കും ആശങ്കയില്ല.
കാസര്‍ഗോഡ് മുതലുള്ള ദേശീയപാത നിര്‍മാണം പുരോഗമിക്കുകയാണ്. വിവിധ റീച്ചുകളായി ഇവയുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാകും. സ്ഥലമെടുപ്പിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. കുറ്റിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ളയിടങ്ങളില്‍ വലിയ സമരങ്ങള്‍ നടന്നു. എന്നാല്‍ ഇപ്പോള്‍ അവിടങ്ങളില്‍ ആളുകള്‍ സ്വയം മുന്‍കൈ എടുത്ത് വീടുകളും കെട്ടിടങ്ങളുമൊക്കെ പൊളിച്ചുകൊടുക്കുകയാണ്. മികച്ച നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തേക്ക് ഇറക്കുകയായിരുന്നെന്ന് വ്യക്തമാണ്. വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പില്‍ ആര്‍ക്കും വിഷമമില്ലാതെ രണ്ടിരട്ടിയും നാലിരട്ടിലുമാണ് വിലയായി സര്‍ക്കാര്‍ നല്‍കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വികസനപ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കും എന്ന തിരിച്ചറിവാണ് വേണ്ടത്. തെറ്റായ പ്രചരണങ്ങള്‍ നടത്തി കേരളത്തിന്റെ വികസനത്തെ വിവാദക്കുരുക്കിലാക്കുന്ന സമീപനത്തില്‍ നിന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പിന്മാറണം.
Read Also : കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനം; സങ്കുചിത കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വിപുലമായ പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ലൈഫ് മിഷന്‍ പദ്ധതി മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്. 100 ദിനപരിപാടിയുടെ ഭാഗമായി 10,000 വീടുകൊടുക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ 12,067 വീടുകള്‍ ആദ്യദിവസം തന്നെ നല്‍കാന്‍ കഴിഞ്ഞു. 88,000ത്തിലധികം വീടുകളുടെ നിര്‍മാണമാണ് നിലവില്‍ നടക്കുന്നത്. അടുത്ത വര്‍ഷം ആദ്യംതന്നെ ഏറ്റവും ചുരുങ്ങിയത് 1ലക്ഷം വീടുകളെങ്കിലും നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം’. എ.വിജയരാഘവന്‍ പറഞ്ഞു.
Story Highlights : a vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here