കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരരുത്; മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഐഎം

കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ എംഎല്‍എമാര്‍ വരരുതെന്ന പ്രസ്താവനയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഐഎം. മുഹമ്മദ് റിയാസ് പറഞ്ഞത് എല്‍ഡിഎഫ് നിലപാടാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
പൊതുനിലപാടിന് അനുസരിച്ചാണ് മന്ത്രി കാര്യങ്ങള്‍ പറഞ്ഞത്.ശുപാര്‍ശകളില്ലാതെ കാര്യങ്ങള്‍ നടക്കണം. നിയമസഭാ സാമാജികര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് മന്ത്രിമാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി തനിക്കറിയില്ലെന്നും വിജയരാഘവന്‍ വിശദീകരിച്ചു.
കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ എംഎല്‍എമാര്‍ വരരുതെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷ എംഎല്‍എമാരടക്കം പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നതോടെ വിവാദമാകുകയായിരുന്നു.
Read Also : വികസന കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമെന്ന് സിപിഐഎം; കെ-റെയിലില്‍ ആശങ്ക വേണ്ട
അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിക്കുകയും ചെയ്തു. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒത്തുകളിക്കുന്നുണ്ട്. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ആ നിലപാടില്‍ മാറ്റമില്ല. അതുമായി ബന്ധപ്പെട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാര്‍ത്തകള്‍ കണ്ടു. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : pa muhammad rias
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here