Advertisement

രണ്ട് റൺസകലെ ഡുപ്ലെസി വീണു; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായി ഋതുരാജ്

October 15, 2021
Google News 2 minutes Read
ruturaj gaikwad ipl record

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ്. 635 റൺസോടെയാണ് 24കാരനായ താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 2008ൽ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി 616 നേടിയ ഓസീസ് താരം ഷോൺ മാർഷിൻ്റെ റെക്കോർഡ് ആണ് ചെന്നൈ ഓപ്പണർ പഴങ്കഥയാക്കിയത്. ഓറഞ്ച് ക്യാപ്പ് നേടുമ്പോൾ 25 വയസായിരുന്നു മാർഷിന് ഉണ്ടായിരുന്നത്. (ruturaj gaikwad ipl record)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫൈനൽ മത്സരത്തിൽ 32 റൺസെടുത്ത് പുറത്തായ താരം രണ്ടാം സ്ഥാനത്തായിരുന്ന ലോകേഷ് രാഹുലിനെക്കാൾ 9 റൺസ് കൂടുതൽ സ്കോർ ചെയ്താണ് സീസൺ അവസാനിപ്പിച്ചത്. മത്സരത്തിൽ ഫാഫ് ഡുപ്ലെസി ഋതുരാജിൻ്റെ ആകെ സ്കോറിനരികെ എത്തിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ റെക്കോർഡ് ഇന്ത്യൻ താരം തന്നെ സ്വന്തമാക്കുകയായിരുന്നു. ഋതുരാജിൻ്റെ സഹ ഓപ്പണറായ ഡുപ്ലെസിക്ക് 633 റൺസുണ്ട്. 86 റൺസെടുത്ത് ചെന്നൈയുടെ ടോപ്പ് സ്കോററായ ഡുപ്ലെസി ഇന്നിംഗ്സിൻ്റെ അവസാന പന്തിലാണ് പുറത്തായത്.

Read Also : ഡുപ്ലെസിയ്ക്ക് ഫിഫ്റ്റി; കൊൽക്കത്തയ്ക്ക് 193 റൺസ് വിജയലക്ഷ്യം

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് ആണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. മൊയീൻ അലി (37), ഋതുരാജ് ഗെയ്ക്‌വാദ് (32), റോബിൻ ഉത്തപ്പ (31) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറർമാർ. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി.

ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊൽക്കത്ത മുൻപ് രണ്ട് വട്ടം ഐപിഎൽ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. കൊൽക്കത്ത മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

Story Highlights : ruturaj gaikwad ipl record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here