ഡുപ്ലെസിയ്ക്ക് ഫിഫ്റ്റി; കൊൽക്കത്തയ്ക്ക് 193 റൺസ് വിജയലക്ഷ്യം

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. (csk kkr ipl final)
മികച്ച തുടക്കമാണ് ഡുപ്ലെസിയും ഗെയ്ക്‌വാദും ചേർന്ന് ചെന്നൈക്ക് നൽകിയത്. ഗെയ്‌ക്‌വാദ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചപ്പോൾ ഡുപ്ലെസി യുവതാരത്തിന് ഉറച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 61 റൺസ് കൂട്ടുകെട്ടുയർത്തി. 32 റൺസെടുത്ത ഗെയ്ക്‌വാദിനെ ശിവം മവിയുടെ കൈകളിലെത്തിച്ച സുനിൽ നരേൻ ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. ഋതുരാജ് പുറത്തായതോടെ ഡുപ്ലെസി ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. മൂന്നാം നമ്പറിൽ ഇറങ്ങിയ റോബിൻ ഉത്തപ്പ തകർപ്പൻ ഫോമിലായിരുന്നു. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഉത്തപ്പ കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കി. 63 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനും നരേൻ തന്നെ വേണ്ടി വന്നു. വെറും 15 പന്തുകൾ നേരിട്ട് 31 റൺസെടുത്ത ഉത്തപ്പയെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് നരേൻ ഈ കൂട്ടുകെട്ട് തകർത്തത്.
Read Also : ഐപിഎൽ ഫൈനൽ; ചെന്നൈക്ക് ബാറ്റിംഗ്
ഇതിനിടെ ഡുപ്ലെസി ഫിഫ്റ്റി നേടി. നാലാം നമ്പറിൽ ക്രീസിലെത്തിയ മൊയീൻ അലിയും അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാൻ ആരംഭിച്ചതോടെ കൊൽക്കത്തയ്ക്ക് മറുപടി ഇല്ലാതായി. ഇതിനിടെ ഫാഫ് അർധസെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഇരു ബാറ്റർമാരും കൊൽക്കത്തയെ കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റിൽ മൊയീൻ-ഫാഫ് സഖ്യം 68 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫാഫ് ഡുപ്ലെസി (86) പുറത്തായി. ശിവം മവിയുടെ പന്തിൽ വെങ്കടേഷ് അയ്യരാണ് ഫാഫിനെ പിടികൂടിയത്. മൊയീൻ അലി (37) പുറത്താവാതെ നിന്നു.
Story Highlights : csk innings kkr ipl final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here