സൈന്യം കോട്ടയത്ത് എത്തി; പമ്പയിൽ ഇറങ്ങരുതെന്ന് ഭക്തർക്ക് മുന്നറിയിപ്പ്

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിൽ സൈന്യം എത്തി. കര, വ്യോമസേനാ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി കോട്ടയത്ത് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിൽ പാങ്ങോട് ആർമി ക്യാമ്പിൽ നിന്നുള്ള പ്രത്യേക സംഘമാണ് കോട്ടയത്ത് എത്തിയത്. വ്യോമസേന തങ്ങളുടെ ഹെലികോപ്റ്ററുകൾ വിട്ടുനൽകാൻ തീരുമാനിച്ചു. എംഐ 17 സാരംഗ് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനയൈ പുറപ്പെട്ടിട്ടുണ്ട്. (army rescue operation kottayam)
അതേസമയം, പമ്പാ നദിയിൽ ഇറങ്ങരുതെന്ന് ഭക്തർക്ക് മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാർപ്പിച്ചു.
Read Also : കോട്ടയത്ത് മഴക്കെടുതി രൂക്ഷം; കളക്ടർ സൈന്യത്തിന്റെ സഹായം തേടി
കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവർത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
Story Highlights : army rescue operation kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here