മഴ ശക്തമായാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി; എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കും

മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പ്രതികൂലമായാലാണ് ഡാം തുറക്കുക.
ഡാമില്‍ വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ സജു എംപി ട്വന്റിഫോറിനോട് പറഞ്ഞു. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി അറിയിച്ചു. മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകള്‍ക്ക് ശേഷമേ ഡാം തുറക്കൂ.
Read Also : കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട്
അതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.
Story Highlights :idukki dam open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here