കൊച്ചിയിൽ ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം മൂന്നാം തീയതി രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് നിൽക്കുകയായിരുന്ന സംഘം കാറിൽ പോകുകയായിരുന്ന ദമ്പതികളെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഭർത്താവ് ജിനോയ്ക്ക് സാരമായി പരുക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ചു.
തിരിച്ചുപോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ചെക്ക്‌പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതികളാണ്.
Story Highlights : 3 arrested attack couple