വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സജ്ജം; രക്ഷാസേന പറവൂരിലെത്തി
സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എറണാകുളം പറവൂരിലെത്തി. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സേന ആരംഭിച്ചു. ആലുവയിലും പറവൂരിലുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, ചൂര്‍ണിക്കര, ചെങ്ങമനാട്, പാറക്കടവ്, കീഴ്മാട്, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിക്കുന്നുണ്ട്.
ഇടമലയാര്‍ ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കോതമംഗലം താലൂക്കിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏലൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ജനറേറ്റര്‍ വെള്ളം കയറാതെ മാറ്റാനുള്ള നടപടികളും തുടങ്ങി. പെരിയാറിന്റെ ജലനിരപ്പ് 30 സെന്റിമീറ്ററായി ഉയര്‍ന്നു. നിലവില്‍ അപകട സാഹചര്യമില്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആലുവയില്‍ യോഗം ചേരുന്നുണ്ട്. ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഇടമലയാറിലെ വെള്ളം ആലുവയിലെത്താന്‍ നാല് മണിക്കൂര്‍ പിന്നിടും. ഇടുക്കി ഡാം തുറന്നാല്‍ ഉച്ചയ്ക്കുശേഷമാകും വെള്ളം ആലുവയിലെത്തുക.
Read Also : സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനത്തേക്കും
11 മണിയോടെ ഇടുക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയില്‍ മന്ത്രിതല സംഘം യോഗം ചേരുകയാണ്. രാവിലെ 10.55ന് ആദ്യമുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായി. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറക്കുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടര്‍ തുറക്കും.
Story Highlights : rescue squad reached Paravur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here