എന്തെങ്കിലും അത്ഭുതം സംഭവിച്ചാലല്ലാതെ ഈ സ്ക്വാഡിനെ അടുത്ത ഐപിഎലിൽ ലഭിക്കില്ല: രോഹിത് ശർമ്മ

അടുത്ത ഐപിഎൽ സീസണിൽ ഇതേ സ്ക്വാഡിനെ ലഭിക്കുക ബുദ്ധിമുട്ടാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കോർ ഗ്രൂപ്പിനെ നിലനിർത്താൻ ശ്രമിക്കുമെന്നും സ്ക്വാഡ് നിലനിർത്തുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും രോഹിത് പറഞ്ഞു. മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് രോഹിതിൻ്റെ വെളിപ്പെടുത്തൽ. (rohit sharma mumbai indians)
“എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ ഈ സ്ക്വാഡ് അടുത്ത സീസണിൽ ഒരുമിച്ചുണ്ടാവില്ല. ഇവരെല്ലാവരും ടീമിലെത്തിയില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, കോർ ഗ്രൂപ്പിനെ ടീമിലെത്തിച്ച് ചില നല്ല വർഷങ്ങൾ ഉണ്ടാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൗട്ടിനാണ് എല്ലാ അംഗീകാരവും. അവർ എന്നും മികച്ച താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആഭ്യന്തര മത്സരങ്ങൾ കണ്ട് നന്നായി കളിക്കുന്നവരെപ്പറ്റി അവർ ഞങ്ങളെ അറിയിക്കും. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ ഒന്നോ രണ്ടോ സീസൺ കൊണ്ടോ ഉണ്ടായ കളിക്കാരല്ല ഇവർ. ഏറെ കഠിനാധ്വാനവും പരിശീലനവും ഇവർക്ക് പിന്നിലുണ്ട്.”- രോഹിത് പറഞ്ഞു.
Read Also : ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചനയുമായി എംഎസ് ധോണി
അതേസമയം, പുതിയ ഐപിഎൽ ടീമുകൾക്കുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നാളെ അവസാനിക്കും. ഈ മാസം 10 ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കുകയായിരുന്നു.
പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. യഥാക്രമം അദാനി ഗ്രൂപ്പും ആർപിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികൾക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്. അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൊറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎലിൽ ഉണ്ടാവുക.
Story Highlights : rohit sharma talks mumbai indians ipl