ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചനയുമായി എംഎസ് ധോണി

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ധോണി മനസ്സു തുറന്നത്. കിരീടനേട്ടത്തോടെ 12 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്സിലെ പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താൻ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി. (dhoni about ipl retirement)
“ഞാൻ മുൻപ് പറഞ്ഞതുപോലെ, അത് ബിസിസിഐയുടെ കൈകളിലാണ്. പുതിയ രണ്ട് ടീമുകൾ വരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് എന്താണ് നല്ലതെന്ന് തീരുമാനിക്കണം. ഞാൻ ടോപ്പ് ഓർഡറിൽ കളിക്കുക എന്നതല്ല, ശക്തമായ ഒരു കോർ ഉണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത 10 വർഷത്തേക്ക് സംഭാവന നൽകാൻ കഴിയുന്ന ആളുകളെ കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.”- ധോണി പറഞ്ഞു.
Read Also : ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം
അടുത്ത വർഷം ഐപിഎലിൽ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. അടുത്ത സീസണിലും ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നും കളിക്കുമോ എന്നത് പല കാര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ധോണി വ്യക്തമാക്കി.
“അടുത്ത വർഷവും നിങ്ങൾക്ക് എന്നെ ചെന്നൈക്കൊപ്പം കാണാം. പക്ഷേ, ഞാൻ ചെന്നൈക്കായി കളിക്കുമോ എനത് പല കാര്യങ്ങളും പരിഗണിച്ചേ തീരുമാനിക്കൂ. പുതിയ രണ്ട് ടീമുകൾ വരുന്നുണ്ട് എന്നതാണ് അതിലെ ഏറ്റവും ലളിതമായ കാരണം. ആരെയൊക്കെ നിലനിർത്താം എന്നത് നമുക്കറിയില്ല. എത്ര വിദേശികൾ ഉണ്ടാവാമെനോ, നിലനിർത്താവുന്ന ഇന്ത്യൻ താരങ്ങൾ എത്രയെന്നോ ഒന്നും നമുക്കറിയില്ല. അതുകൊണ്ട് തന്നെ പല അനിശ്ചിതത്വങ്ങളും ഉണ്ട്. നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞാലേ എന്തെങ്കിലും തീരുമാനിക്കാൻ കഴിയൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.”- പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ ടോസിനു ശേഷം ധോണി പറഞ്ഞു.
ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരുന്നു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Story Highlights : ms dhoni about ipl retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here