Advertisement

ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം

October 15, 2021
Google News 2 minutes Read
csk won ipl kkr

ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്തു. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. (csk won ipl kkr)

91 റൺസിൻ്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടുമായി ഉജ്ജ്വല തുടക്കമാണ് വെങ്കടേഷ് അയ്യരും ശുഭ്മൻ ഗില്ലും ചേർന്ന് കൊൽക്കത്തയ്ക്ക് നൽകിയത്. വ്യക്തിഗത സ്കോർ 0ൽ നിൽക്കെ ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ ധോണി അയ്യരെ കൈവിട്ടു. തുടർന്ന് അയ്യർ തകർപ്പൻ ഫോം തുടർന്നപ്പോൾ ഗിൽ സെക്കൻഡ് ഫിഡിലിൻ്റെ റോളിലേക്ക് മാറി. എന്നാൽ, ഫിഫ്റ്റിക്ക് പിന്നാലെ അയ്യർ വീണു. 11ആം ഓവറിൽ ശർദ്ദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 50 റൺസെടുത്ത അയ്യരെ താക്കൂർ ജഡേജയുടെ കൈകളിലെത്തിച്ചു.

Read Also : ഡുപ്ലെസിയ്ക്ക് ഫിഫ്റ്റി; കൊൽക്കത്തയ്ക്ക് 193 റൺസ് വിജയലക്ഷ്യം

പിന്നീട് ഒരു ഘോഷയാത്ര ആയിരുന്നു. അടുത്ത പന്തിൽ തന്നെ നിതീഷ് റാണ (0) ഗോൾഡൻ ഡക്കായി മടങ്ങി. സുനിൽ നരേൻ (2) ഹേസൽവുഡിൻ്റെ പന്തിൽ രവീന്ദ്ര ജഡേജയുടെ കൈകളിൽ ഒതുങ്ങി. ദിനേഷ് കാർത്തികിനെയും (9) ഷാക്കിബ് അൽ ഹസനെയും (0) ജഡേജ തൻ്റെ അവസാന ഓവറിൽ മടക്കി. ത്രിപാഠി (2) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ മൊയീൻ അലിയ്ക്ക് പിടികൊടുത്ത് മടങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. മോർഗനെ (4) ഹേസൽവുഡിൻ്റെ പന്തിൽ ദീപക് ചഹാർ പിടികൂടി. അവസാന ഓവറുകളിൽ ശിവം മവിയും ലോക്കി ഫെർഗൂസനും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ മവി (20) ദീപക് ചഹാറിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോക്കി ഫെർഗൂസൻ (18) പുറത്താവാതെ നിന്നു.

Story Highlights : csk won ipl 14 title beating kkr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here