Advertisement

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ?; ഒലെ പുറത്തേക്കെന്ന് റിപ്പോർട്ട്

October 19, 2021
Google News 2 minutes Read
zinedine zidane manchester united

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾക്ഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം മികച്ച സംഘത്തെ കിട്ടിയിട്ടും റിസൽട്ട് ഉണ്ടാക്കാൻ സാധിക്കാത്ത ഒലെയ്ക്കെതിരെ നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒലെയെ ക്ലബ് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. പകരം റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. (zinedine zidane manchester united)

താരങ്ങൾ നിറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് സംഘത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ ഒലെയ്ക്ക് സാധിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ഇതിന് ഏറ്റവും പറ്റിയ വ്യക്തി സിദാൻ ആവുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം റയൽ മാഡ്രിഡിൻ്റെ മുൻ താരങ്ങളായ ക്രിസ്റ്റ്യാനോയും റാഫേൽ വരാനെയും ടീമിൽ ഉള്ളതും സിദാൻ്റെ വരവിനു ശക്തി പകരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരും റയൽ മാഡ്രിഡിൽ സിദാനു കീഴിൽ കളിച്ച് ചാമ്പ്യൻസ് ലീഗ് അടക്കം നേടിയിരുന്നു. ഇൻ്റർമിലാൻ്റെ മുൻ പരിശീലകൻ അൻ്റോണിയോ കോൻ്റെയെയും മാഞ്ചസ്റ്റർ പരിഗണിക്കുന്നുണ്ടെങ്കിൽ സാധ്യത കൂടുതൽ സിദാനു തന്നെയാണ്.

Read Also : സിദാൻ ഫ്രാൻസിന്റെ പരിശീലകനാവുന്നു?

ഇക്കൊല്ലം മെയ് മാസത്തിലാണ് സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സീസണിൽ റയലിന് ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ലാ ലിഗയും കോപ്പ ഡെൽ റേയും ചാമ്പ്യൻസ് ലീഗുമൊക്കെ റയലിനു നഷ്ടമായി. 11 സീസണിന് ഇടയിൽ ആദ്യമായാണ് ഒരു കിരീടം പോലുമില്ലാതെ റയൽ സീസൺ അവസാനിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് സിദാൻ ക്ലബ് വിടാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2016ലാണ് സിദാൻ ആദ്യം റയലിന്റെ പരിശീലകനാവുന്നത്. 2018 മെയിൽ സിദാൻ ക്ലബ് വിട്ടു. 2019ൽ സിദാൻ വീണ്ടും റയൽ പരിശീലകനായി. തുടർന്നാണ് ഈ വർഷം അദ്ദേഹം ക്ലബ് വിട്ടത്.

റയൽ മാഡ്രിഡ് വിട്ട ശേഷം ഇതുവരെ ഒരു പരിശീലക ഉത്തരവാദിത്വവും സിദാൻ ഏറ്റെടുത്തിട്ടില്ല. താരം ഫ്രാൻസിനെ പരിശീലിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഇടക്ക് വന്നിരുന്നു. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസ് പുറത്തായതിനു പിന്നാലെയാണ് സിദാൻ ഫ്രാൻസ് പരിശീലകനാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദിദിദർ ദെഷാം ആണ് 2012 മുതൽ ഫ്രാൻസിനെ പരിശീലിപ്പിക്കുന്നത്.

Story Highlights : zinedine zidane to coach manchester united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here