കർഷക പ്രക്ഷോഭം പരിഹരിച്ചാൽ ബിജെപിയുമായി സഖ്യം; സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രക്ഷോഭം പരിഹരിച്ചാൽ മാത്രമേ ബിജെപിയുമായി സഖ്യമുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ക്യാപ്റ്റന്റ പ്രഖ്യാപനത്തോട് കോൺഗ്രസും ബിജെപിയും പ്രതികരിച്ചിട്ടില്ല. (amarinder singh party bjp)
ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിനു ശേഷമാണ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രഖ്യാപനം. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും, കർഷകർക്ക് അനുകൂലമായി, കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അമരീന്ദർ സിംഗ് അറിയിച്ചു. ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. ക്യാപ്റ്റന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്റാൽ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷം അമിത് ഷാ അടക്കമുള്ളവരുമായി ചർച്ച നടത്തിയെങ്കിലും, ക്യാപ്റ്റൻ കോൺഗ്രസ് അംഗത്വം രാജി വച്ചിട്ടില്ല.
Read Also : സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കൃഷിമന്ത്രി; ആരോപണവുമായി നിഹാങ്ങുകൾ
കർഷക പ്രക്ഷോഭത്തിന് പരിഹരമാകാതെ ബിജെപിയുമായി ചേർന്നാൽ കനത്ത തിരിച്ചടിയാകുമെന്നും, എന്നാൽ താൻ മുൻകൈ എടുത്തു വിഷയം പരിഹരിക്കപ്പെട്ടാൽ വൻ നേട്ടം ഉണ്ടാക്കാമെന്നുമാണ് ക്യാപ്റ്റന്റെ കണക്കു കൂട്ടൽ. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്. തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിലൂടെ ബിജെപിക്കുമേൽ സമ്മർദ്ദം ശക്തമാക്കാനാണ് ക്യാപ്റ്റൻ്റെ നീക്കം.
ബിജെപി വഴങ്ങിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ച് 10 ലേറെ സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പിന് ശേഷം നിർണ്ണായക വിലപേശൽ ശക്തിയാകാമെന്നും ക്യാപ്റ്റൻ കണക്കുകൂട്ടുന്നു.
Story Highlights : amarinder singh new party bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here