ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസൺ വിരമിച്ചു

ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസൺ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഡിസംബർ ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് പാറ്റിൻസണിൻ്റെ വിരമിക്കൽ. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പുതിയ പേസർമാരെ വളത്തിയെടുക്കാനും വേണ്ടിയാണ് താൻ വിരമിക്കുന്നതെന്ന് 31കാരനായ പാറ്റിൻസൺ പറഞ്ഞു.
പരുക്കുകൾ അലട്ടിയ കരിയറിൽ 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും 4 ടി-20കളും കളിച്ച പാറ്റിൻസൺ യഥാക്രമം 81, 16, 3 വിക്കറ്റുകൾ വീതമാണ് നേടിയിട്ടുള്ളത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി പാറ്റിൻസൺ കളിച്ചിട്ടുണ്ട്.
അതേസമയം, ഗാർഹിക പീഡന പരാതിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ മൈക്കൽ സ്ലേറ്റർ അറസ്റ്റിലായി. സിഡ്നിയിലെ മാൻലി പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിയുകയാണ് സ്ലേറ്റർ. ഒക്ടോബർ 12നു നടന്ന ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റർ മൂന്ന് കുട്ടികളുടെ പിതാവാണ്.
മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് സ്ലേറ്റർ. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമത്രി സ്കോട്ട് മോറിസണു നേരെ നടത്തിയ പരാമർശത്തിനു പിന്നാലെ സ്ലേറ്ററെ ചാനൽ സെവൻ പിരിച്ചുവിട്ടിരുന്നു. ചാനൽ സെവൻ്റെ കമൻ്ററി പാനലിലായിരുന്നു സ്ലേറ്റർ. സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി വളരെ മോശമാണെന്നായിരുന്നു സ്ലേറ്ററുടെ പരാമർശം.
Story Highlights : James Pattinson retires from international cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here