Advertisement

അമിത് ഷായുടെ കശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും

October 23, 2021
Google News 2 minutes Read
amit shah kashmir visit

സുപ്രധാനമായ ജമ്മു കശ്മീർ സന്ദർശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറിൽ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ സുരക്ഷാ-വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത്ഷാ പങ്കെടുക്കുക. 370 ആം വകുപ്പ് പിൻവലിച്ചതിന് ശേഷം ആദ്യമായി എത്തുന്ന ആഭ്യന്തര മന്ത്രിയുടെ സന്ദർശനാർത്ഥം കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിൽ എർപ്പെടുത്തിയിരിയ്ക്കുന്നത്. (amit shah kashmir visit)

കേവലം ഔദ്യോഗികമായത് എന്നതിലുപരി വലിയ മാനങ്ങൾ ഉള്ളതാണ് അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം. പ്രത്യേകിച്ച് കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിയ്ക്കാനുള്ള തിരുമാനത്തിൽ മാറ്റം ഇല്ലെന്ന് ആഭ്യന്തരമന്ത്രി ഇന്നലെ നിലപാട് കൈക്കൊണ്ട സാഹചര്യത്തിൽ.

Read Also : അമിത്ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം നാളെ തുടങ്ങും; ജമ്മുവില്‍ കനത്ത സുരക്ഷ

ഗുപ്കർ റോഡിലെ രാജ്ഭവനിലാണ് മുന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസ്സിയ്ക്കുക. ഇതിന്റെ ഭാഗമായി രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് സംയുക്ത സേന ഒരുക്കിയിരിക്കുന്നത്. അമിത് ഷാ സന്ദർശനം നടത്തുന്ന ജവഹർ നഗറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിന്യസിച്ചു. ഷാർപ്പ് ഷൂട്ടർമാരെയും സ്നൈപ്പർമാരെയും നിയോഗിച്ചതിന് പുറമേ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും എർപ്പെടുത്തി.

കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കഴി‍ഞ്ഞ ആഴ്ചകളിൽ പതിനൊന്നോളം സാധാരണക്കാർ ഇവിടെ ഭീകരവാദികളാൽ കൊല്ലപ്പെട്ടിരുന്നു. സന്ദർശനത്തിൻ്റെ ആദ്യ ദിവസമായ ഇന്ന് ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിക്കും. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലാണ് സന്ദർശന കാലത്തെ സുപ്രധാന ഔദ്യോഗിക പരിപാടി. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി സാഹചര്യങ്ങൾ വിലയിരുത്തും.

Story Highlights : amit shah kashmir visit starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here