മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.
ഹർഷാദിന്റെ മരണത്തിൽ പിതാവായ ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി.
രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കപ്പെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകട സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം. അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം-മൃഗശാലാ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here