ഇന്ത്യയെ കീഴ്പ്പെടുത്തിയാൽ പാകിസ്താനെ കാത്തിരിക്കുന്നത് വമ്പൻ ബോണസ്

ടി-20 ലോകകപ്പിൽ ഇന്ത്യയെ കീഴ്പ്പെടുത്തിയാൽ പാകിസ്താൻ ടീമിനെ കാത്തിരിക്കുന്നത് വമ്പൻ ബോണസ്. മാച്ച് ഫീയുടെ 50 ശതമാനമാണ് ടീമിനു ബോണസായി ലഭിക്കുക. നിലവിൽ 3,38,250 പാകിസ്താൻ രൂപയാണ് പാകിസ്താൻ ടീമിനു ലഭിക്കുന്ന മാച്ച് ഫീ. ഇതിൻ്റെ 50 ശതമാനം തുക കൂടിച്ചേർത്ത് 5 ലക്ഷം രൂപയ്ക്ക് മുകളിൽ തുക പാക് താരങ്ങൾക്ക് മത്സരം ജയിച്ചാൽ ലഭിക്കും. ഇംഗ്ലണ്ടിനെതിരെ വിജയിച്ചാലും ഇതേ ബോണസ് അവർക്ക് ലഭിക്കും. (Pakistan bonus defeating India)
ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുക. ലോകകപ്പുകളിൽ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ ജയം തേടിയാണ് പാകിസ്താൻ ഇറങ്ങുക.
Read Also : ഇന്ത്യ-പാകിസ്താൻ മത്സരം രാഷ്ട്ര ധർമ്മത്തിനെതിര്: ബാബ രാംദേവ്
ടി-20 ലോകകപ്പുകളിൽ ആകെ അഞ്ച് തവണയാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിൽ അഞ്ചും ഇന്ത്യ ജയിച്ചു. അതിൽ ഒരു ബോളൗട്ടും പെടും. കടലാസിലെങ്കിലും അന്നത്തെ ടീമിനെക്കാളൊക്കെ കരുത്തുറ്റ ടീമാണ് ഇന്ത്യ. ഭുവിക്ക് പകരം ശർദ്ദുൽ താക്കൂർ എത്തുമോ എന്നത് മാത്രമാണ് ചോദ്യം. ഹർദ്ദിക് സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്നതും ഭുവി ഫോമിൽ അല്ലാത്തതും ശർദ്ദുലിന് ഇടം നൽകിയേക്കും. രാഹുൽ ചഹാറിനു പകരം അശ്വിൻ തന്നെ കളിച്ചേക്കും. മൂന്ന് പേസറുമായി ഇറങ്ങിയില്ലെങ്കിൽ വരുൺ ശർദ്ദുലിനു പകരം കളിക്കും. അതിനു സാധ്യത വളരെ കുറവാണ്. സൂര്യ, പന്ത്, ഹർദ്ദിക് എന്നിവരാവും 4 മുതൽ 6 വരെ സ്ഥാനങ്ങളിൽ.
മറുവശത്ത് ഇന്ത്യയോളം ഡോമിനേറ്റ് ആയ ടീം അല്ലെങ്കിലും ഒരു കളക്ടീവ് യൂണിറ്റ് എന്ന നിലയിൽ പാകിസ്താൻ അപകടകാരികളാണ്. ഓപ്പണർമാരായ ബാബർ അസവും മുഹമ്മദ് റിസ്‌വാനും തന്നെയാണ് അവരുടെ ബാറ്റിംഗ് കോർ. ടി-20 കൂട്ടുകെട്ടുകളുടെ റെക്കോർഡുകൾ പഴങ്കഥയാക്കിയാണ് ഇരുവരും കുതിയ്ക്കുന്നത്. പാകിസ്താൻ ശക്തരാണ്. പാകിസ്താൻ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ ഷൊഐബ് മാലിക്കോ ഹഫീസോ പുറത്തിരിക്കാനാണ് സാധ്യത. രണ്ട് പേരും കളിച്ചാൽ ഹൈദർ അലി പുറത്താവും.
വിഭവങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. പക്ഷേ, ഒരു ഓവർ കൊണ്ടോ ഒരു വിക്കറ്റ് കൊണ്ടോ മാറിമറിയാവുന്ന ടി-20യിൽ കാര്യങ്ങൾ എല്ലായ്പ്പോഴും അത്ര എളുപ്പമല്ല.
Story Highlights : Pakistan receive bonus defeating India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here