കുട്ടികൾക്കെതിരായ അക്രമ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം; മുഖ്യമന്ത്രി

കുട്ടികൾക്കെതിരായ അക്രമം സംബന്ധിച്ച കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഇക്കാര്യത്തിൽ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ കീഴിൽ ഏകോപനത്തോടെ പരിപാടികൾ നടപ്പാക്കും.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
ഈ വകുപ്പുകൾ ചേർന്ന് സമഗ്രമായ ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവർക്ക് പരിശീലനം നൽകാൻ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനം കൈക്കൊള്ളും.ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണം. മാധ്യമ വാർത്തകളിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാൻ സഹായകരമായ സൂചനകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വനിതാ ശിശു വികസന വകുപ്പ് അംഗണവാടി പഠനസാമഗ്രികളുടെ ജന്റർ ഓഡിറ്റ് നടത്തിയ മാതൃകയിൽ മുഴുവൻ പാഠപുസ്തകങ്ങളും ജന്റർ ഓഡിറ്റിംഗ് നടത്താൻ വിദ്യാകിരണം മിഷനെ ചുമതലപ്പെടുത്തി. യോഗത്തിൽ മന്ത്രിമാരായ ഡോ ആർ ബിന്ദു, വീണാ ജോർജ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ സംസാരിച്ചു.
Story Highlights : atrocity-against-children-should-be-completed-in-one-year-pinarayivijayan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here