മുല്ലപ്പെരിയാർ ഡാം തുറക്കുമ്പോൾ ആശങ്ക വേണ്ട; കെ കൃഷ്ണൻ കുട്ടി

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് മന്ത്രി പറഞ്ഞു. റൂൾ കർവിനേക്കാൾ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജലനിരപ്പ് നിലനിർത്തുന്നത്. ഡാമുകൾ തുറക്കുന്നത് മൂലം കെ എസ് ഇ ബിക്ക് 45 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
ഇതിനിടെ മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾക്ക് ആശങ്ക വേണ്ട. 20ഓളം ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥർക്ക് 20 ക്യാമ്പിൻ്റെ ചുമതല നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു . ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കിയിട്ടുണ്ട്. തമിഴ്നാടിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. പെരിയാർ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും.
Read Also : മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണം റവന്യു മന്ത്രി ട്വന്റിഫോറിനോട്
അതേസമയം മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യു ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Read Also : മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി: മന്ത്രി റോഷി അഗസ്റ്റിൻ
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയാണ് . ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.
Story Highlights : k krishnankutty about mullaperiyar dam open