മോദി-മാര്‍പാപ്പ കൂടിക്കാഴ്ച പ്രത്യാശ നല്‍കുന്നതെന്ന് ക്ലീമിസ് ബാവ; പ്രധാനമന്ത്രിക്ക് അഭിനന്ദനം

പ്രധാനമന്ത്രി നരേന്ദ്രമോദി-ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച ലോകത്തിനാകെ പ്രത്യാശ പകരുന്നതാണെന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ക്ലീമിസ് ബാവ പറഞ്ഞു.
‘രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെക്കാള്‍ പ്രാധാന്യം ഇതിനുണ്ട്. ലോകജനതയ്ക്ക് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ക്രൈസ്തവ സമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്തിടപഴകുന്ന ആദ്യ സന്ദര്‍ഭമാണിത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമലയേല്‍ക്കുമ്പോള്‍, മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം വളരെ പോസിറ്റിവായി പ്രതികരിക്കുകയും ഇന്ന് ആ ആഗ്രഹം നടപ്പിലായിരിക്കുകയുമാണ്. മാര്‍പാപ്പ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’. കത്തോലിക്കാ സഭയ്ക്കും ക്രിസ്തീയ സമൂഹത്തിനാകെയും ഈ സന്ദര്‍ശനം സംതൃപ്തി നല്‍കിയെന്നും ക്ലീമിസ് ബാവ പ്രതികരിച്ചു.
Read Also : മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി
അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പര്‍ ലൈബ്രറിയിലാണ് പ്രധാനമന്ത്രിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ട്. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here