ദത്ത് വിവാദം; ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല: ഷിജു ഖാനെ പിന്തുണച്ച് വി ശിവദാസൻ എംപി

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി വി ശിവദാസൻ എം പി. ഷിജു ഖാന്റെ ഭാഗത്ത് നിന്ന് ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. ഷിജു ഖാനെതിരെ കൽപിത കഥകൾ കെട്ടിച്ചമയ്ക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ തെളിവുകളില്ലെന്നും വി ശിവദാസൻ എം പി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
ഷിജൂഖാനെ ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ തന്നെ അറിയാം. ചെറിയ പ്രായത്തിൽ തന്നെ പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ വഴിയിൽ മുന്നോട്ടു പോവുകയും ചെയ്ത ഷിജൂഖാൻ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത് നീതിരഹിതമായ ആക്രമണമാണെന്ന് പറയാതിരിക്കാനാകില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ പതാകയേന്തി എന്ന ഒരൊറ്റ കാരണത്താൽ വലതുപക്ഷത്തിൻ്റെ നികൃഷ്ടമായ വേട്ടയാടലിന് ഒരു യുവാവിനെ വിട്ടു കൊടുക്കാൻ നമ്മൾ തയ്യാറാകരുത്.
ഒരാളെ തിരുത്താനും കൂടുതൽ മെച്ചപ്പെട്ടൊരു മനുഷ്യനായി മാറ്റാനും ഉള്ള വിമർശനങ്ങൾ ജനാധിപത്യ സമൂഹത്തിൻ്റെ കരുത്താണ്. എന്നാൽ ഷിജുവിൻ്റെ കാര്യത്തിൽ നടന്നത് അതല്ല. എഴുത്തും പ്രഭാഷണവും പഠനവും ഗവേഷണവും എല്ലാം നിറഞ്ഞ, സജീവവും പുരോഗമന സമൂഹത്തിന് അഭിമാനകരവുമായ ജീവിതമാണ് ഷിജൂഖാൻ്റെത്. അയാൾക്ക് തെറ്റുപറ്റില്ല എന്നല്ല. അയാൾ വിമർശിക്കപ്പെടരുത് എന്നുമല്ല. എന്നാൽ അതൊന്നും അയാളെ കുഴിവെട്ടി മൂടാൻ ആഗ്രഹിച്ചു കൊണ്ടുള്ളതാവരുത്.
ശിശുക്ഷേമ സമിതിയുടെ ഭാരവാഹി എന്ന നിലയിൽ ചട്ടവിരുദ്ധമായ യാതൊന്നും ഷിജൂഖാൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിന് വിരുദ്ധമായതൊന്നും ഇത്രയും ദിവസത്തിനുള്ളിൽ തെളിയിക്കപ്പെട്ടിട്ടും ഇല്ല. ആരോപണങ്ങൾക്കപ്പുറത്ത് കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നൽകിയതുമായ സംഭവത്തിൽ അരുതാത്ത എന്തെങ്കിലും നീക്കം തൻ്റെ സ്ഥാനം കളങ്കപ്പെട്ടുത്തി ഷിജൂഖാൻ ചെയ്തതിന് വസ്തുതകളുടെ യാതൊരു പിൻബലവുമില്ല.
എന്നാൽ എന്തെല്ലാം കൽപിത കഥകളാണ് ഈ ചെറുപ്പക്കാരന് എതിരെ കെട്ടിച്ചമയ്ക്കപ്പെട്ടത്.! അയാൾ അപേക്ഷ പോലും നൽകാത്ത അധ്യാപക പോസ്റ്റിലേക്ക് അയാളെ നിയമിക്കുവാൻ നീക്കം നടക്കുന്നുവെന്ന പെരും നുണ പോലും ചില മാധ്യമങ്ങൾ വലിയ വാർത്തയായി നൽകി. ആരെയാണ് നിങ്ങൾ ഭീകരവാദിയും അഴിമതിക്കാരനുമാക്കാൻ ശ്രമിക്കുന്നത്? ഇടതുപക്ഷത്തിൻ്റെ ഭാഗമാണ് എന്ന ഒറ്റ കാരണത്താൽ എന്ത് അസത്യവും പറഞ്ഞ് പരത്താമെന്നാണോ? അയാളുടെ യോഗ്യതകളും മനുഷ്യാവകാശവും റദ്ദ് ചെയ്യപ്പെടുമെന്നാണോ?
Read Also : പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍
രാഷ്ട്രീയ പ്രവർത്തകർ നിശ്ചയമായും വിമർശിക്കപ്പെടണം. എന്നാൽ വസ്തുതകളോ യുക്തിയോ പരിഗണിക്കാതെ, മാർക്കറ്റ് കൂട്ടാനായി പടച്ചു വിടുന്ന വാർത്തകളുടെ ചൂണ്ടക്കൊളുത്തിലെ ഇരകളായി രാഷ്ട്രീയ പ്രവർത്തകരെ ഉപയോഗപ്പെടുത്താം എന്ന മോഹം നീചമാണ്. ജനാധിപത്യ സമൂഹം അതിന് കീഴടങ്ങരുത്.
Story Highlights : V Sivadasan mp about shiju khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here