Advertisement

‘ജോജു മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണും, ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെ’യെന്ന് യൂത്ത് കോണ്‍ഗ്രസ്

November 2, 2021
Google News 2 minutes Read
youth congress against joju george

കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ലഹരി ഉപയോഗം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ട്വന്റിഫോര്‍ എന്‍കൗണ്ടര്‍ ചര്‍ച്ചയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ ജോജു ജോര്‍ജ് പെരുമാറിയ രീതി ലഹരി ഉപയോഗിച്ചവര്‍ സംസാരിക്കുന്നതുപോലെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ‘സമരം നടത്തിയവരെ തെറി വിളിക്കുകയും വനിതാ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് മാത്രമാണ് തെളിഞ്ഞത്.

ലഹരി ഉപയോഗിച്ചതുപോലെ ഒരാള്‍ പെരുമാറുമ്പോള്‍ സാധാരണയായി പറയുന്നതാണ് മദ്യപിച്ചുകാണുമെന്ന്. ജോജു മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണും, ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെ. അതിനുള്ള സംവിധാനം ഈ നാട്ടിലുണ്ട്. സിനിമാ മേഖലയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം’. ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരായി കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ ജോജു ജോര്‍ജിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ജോജു മദ്യപിച്ചെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടെ ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

Read Also : വൈദ്യ പരിശോധന കഴിഞ്ഞു; ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്

ലഹരിക്ക് അടിമപ്പെട്ടാണ് ജോജു വന്നതെന്നും മദ്യത്തിനപ്പുറം മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്നുമായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ഷിയാസാണ് ഒന്നാംപ്രതി. കോണ്‍ഗ്രസിന്റെ സമരത്തിനിടെ ഗതാഗതം തടസപ്പെട്ടതോടെ കാറില്‍ യാത്രചെയ്യുകയായിരുന്ന ജോജു ജോര്‍ജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്.

Story Highlights : youth congress against joju george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here