ടി-20യിലെ 100 റൺസ് കൂട്ടുകെട്ടുകൾ; ഇന്ത്യൻ സഖ്യത്തെ മറികടന്ന് പാകിസ്താൻ

രാജ്യാന്തര ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം 100 റൺസ് കൂട്ടുകെട്ടുകളെന്ന റെക്കോർഡിൽ ഇന്ത്യൻ സഖ്യത്തെ മറികടന്ന് പാകിസ്താൻ. ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാൻ-രോഹിത് ശർമ സഖ്യത്തെയാണ് പാക് ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാൻ-ബാബർ അസം സഖ്യം മറികടന്നത്. കഴിഞ്ഞ ദിവസം നമീബിയക്കെതിരെ നടന്ന മത്സരത്തിൽ പാക് ഓപ്പണർമാർ ചേർന്ന് അടിച്ചുകൂട്ടിയത് തങ്ങളുടെ അഞ്ചാം 100 റൺസ് കൂട്ടുകെട്ടായിരുന്നു. രോഹിത്-ധവാൻ സഖ്യം 4 തവണയാണ് 100 റൺസ് കൂട്ടുകെട്ടിൽ പങ്കായിട്ടുള്ളത്. (Babar Rizwan Rohit Dhawan)
നമീബിയക്കെതിരെ 113 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ബാബർ അസം 49 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോൾ റിസ്‌വാൻ 50 പന്തിൽ 79 റൺസ് നേടി പുറത്താവാതെ നിന്നു. മത്സരത്തിൽ 45 റൺസിനായിരുന്നു പാകിസ്താൻ്റെ ജയം. ജയത്തോടെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി പാകിസ്താൻ മാറി.
Read Also : ടി20 ലോകകപ്പ്; നമീബിയയ്‌ക്കെതിരെ പാകിസ്താന് 45 റൺസിന്റെ തകർപ്പൻ ജയം
190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 40 റൺസ് എടുത്ത് ക്രൈഗ് വില്യംസും 29 റൺസെടുത്ത സ്റ്റീഫൻ ബാർഡും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡേവിഡ് വൈസ് 27 റൺസ് നേടി.
അതേസമയം, ടി-20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതൽ അബുദാബിയിലാണ് മത്സരം.
അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും അഫ്ഗാൻ തോൽപ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
റൺറേറ്റിൽ ഏറെമുന്നിലുള്ള അഫ്ഗാൻ ഇന്ത്യയെയും തോൽപ്പിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. അഫ്ഗാനിസ്താന്റെ ഓപ്പണർമാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവർ നല്ല ഫോമിലാണ്. പേസർ നവീൻ ഉൾഹഖ്, ലോകത്തെ മികച്ച ബൗളർമാരിലൊരാളായ റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിൻ നിരയും കരുത്തരാണ്.
Story Highlights : Babar Rizwan Surpass Rohit Dhawan Record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here