ഐഎഫ്എഫ്കെ: മലയാളം സിനിമാ വിഭാഗത്തിൽ ‘നായാട്ടും’ ‘സണ്ണി’യും ഉൾപ്പെടെ മികച്ച സിനിമകൾ

26ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ, മലയാള സിനിമകളുടെ പട്ടിക പുറത്തുവന്നു. രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. മലയാളം ‘നായാട്ട്’, ‘സണ്ണി’, ‘കൂഴങ്കൽ’ തുടങ്ങി മികച്ച സിനിമകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്താണ് ചലച്ചിത്ര മേള. (iffk malayalam indian cinema)
ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ‘സണ്ണി’, മാർട്ടിൻ പ്രക്കാട്ടിൻ്റെ സംവിധാനത്തിൽ നിമിഷ, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് തുടങ്ങിയവർ വേഷമിട്ട ‘നായാട്ട്’, ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തി സാനു വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’, സിദ്ധാർത്ഥ ശിവയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘എന്നിവർ’ തുടങ്ങിയ സിനിമകളാണ് മലയാളം സിനിമാ ടുഡേയിലെ അറിയപ്പെടുന്ന പേരുകൾ. ഒപ്പം, താര രാമാനുജൻ്റെ നിഷിദ്ധോ, കൃഷ്ണപ്രസാദ് ആർകെയുടെ ആവാസവ്യൂഹം എന്നീ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. രാജ്യാന്തര മത്സരവിഭാഗത്തിലുള്ള സിനിമകളാണ് ഇവ.
കൃഷ്ണേന്ദു കലേഷിൻ്റെ പ്രാപ്പെട, വിഗ്നേഷ് പി ശശിധരൻ്റെ ഉദ്ധരണി, ഷെറി ഗോവിന്ദ്, ദീപേഷ് ടി എന്നിവർ ചേർന്നൊരുക്കിയ അവനോവിലോന, വിഷ്ണു നാരായണൻ്റെ ബനേർഘട്ട, റഹ്മാൻ സഹോദരങ്ങളുടെ ചവിട്ട്, ജയരാജിൻ്റെ നിറയെ തത്തകളുള്ള മരം, അടൽ കൃഷ്ണൻ്റെ വുമൺ വിത്ത് എ ക്യാമറ എന്നീ സിനിമകളാണ് ഈ വിഭാഗത്തിലെ ബാക്കിയുള്ള സിനിമകൾ.
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ വിനോദ് രാജ് ഒരുക്കി ഇന്ത്യയുടെ ഓസ്കർ പട്ടികയിൽ ഇടം നേടിയ ‘കൂഴങ്കൽ’ (തമിഴ്) ആണ് ശ്രദ്ധേയമായ ഒരു ചിത്രം. പ്രഭാഷ് ചന്ദ്രയുടെ കശ്മീരി ചിത്രം ‘ബെ ചെസ് നേ വെത്’, നതേഷ് ഹെഗ്ഡെയുടെ കന്നഡ ചിത്രം ‘പെഡ്രോ’, റിതേഷ് ശർമ്മ ഒരുക്കിയ ഭോജ്പുരി ചിത്രം ‘ഝിനി ബിനി ചദാരിയ’ , അരവിന്ദ് പ്രതാപിൻ്റെ ഭോജ്‌പുരി ചിത്രം ‘ലൈഫ് ഈ സഫറിങ്, ഡെത്ത് ഈസ് സാൽവേഷൻ’, ബിശ്വജിത് ബോറയുടെ അസമീസ് ചിത്രം ‘ബൂംബ റൈഡ്’, സൗരിഷ് ഡേയുടെ ബംഗാളി ചിത്രം ‘ബാഘ്’, ഇർഫാന മജുംദാറിൻ്റെ ഇംഗ്ലീഷ് ചിത്രം ‘ഷങ്കർസ് ഫെയറീസ്’, മധുജ മുഖർജിയുടെ ബംഗാളി ചിത്രം ‘ഡീപ് 6’ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.
Story Highlights : iffk malayalam indian cinema list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here