തീയറ്റര്‍ ഉടമകള്‍ പിന്തുണച്ചില്ല; മരയ്ക്കാര്‍ തീയറ്ററിലെത്തിക്കാന്‍ എല്ലാ സാധ്യതയും തേടിയിരുന്നതായി ആന്റണി പെരുമ്പാവൂര്‍

മരയ്ക്കാര്‍ സിനിമ തീയറ്ററില്‍ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നു. തീയറ്റര്‍ ഉടമകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ആമസോണ്‍ അല്ലെങ്കില്‍ തീയറ്റര്‍ അസോസിയേഷന്‍ സമ്മതിച്ചാല്‍ സ്വന്തം തീയറ്ററിലോ ലീസിനെടുത്തിട്ടുള്ള തീയറ്ററിലോ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു .
‘തീയറ്റര്‍ ഉടമകളോ സംഘടനയോ താനുമായി ഒരു ചര്‍ച്ച പോലും നടത്താന്‍ തയ്യാറായില്ല. ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ പ്രാവശ്യം തീയറ്റര്‍ തുറന്ന സമയത്ത് തീയറ്ററില്‍ തന്നെ മരയ്ക്കാര്‍ റിലീസ് ചെയ്യണമെന്നാണ് ആശീര്‍വാദ് സിനിമാസ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് തീയറ്റര്‍ സംഘടനയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അന്ന് വളരെയധികം സപ്പോര്‍ട്ടാണ് അവര്‍ തന്നത്.
എല്ലാ തീയറ്ററില്‍ നിന്നും എഗ്രിമെന്റ് വാങ്ങിയാല്‍ മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നവര്‍ പറഞ്ഞതിനെ തുടര്‍ന്ന് 220ഓളം തീയറ്ററുകള്‍ക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തു. 21 ദിവസം സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനത്തിന് 89തീയറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് തിരിച്ചുവന്നത്. സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ എത്രുപേരുടെ പിന്തുണയുണ്ടെന്ന് അന്നെനിക്ക് മനസിലായി. വളരെ കര്‍ക്കശമായാണ് പലരും പ്രതികരിക്കുകയും എഗ്രിമെന്റ് അയക്കാതിരിക്കുകയും ചെയ്തത്’. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
‘രണ്ടാമത് തീയറ്റര്‍ തുറന്നപ്പോള്‍ ആരും വിളിക്കുകയോ റിലീസിംഗ് സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തില്ല. മോഹന്‍ലാല്‍ സാറുമായി ഞാന്‍ സംസാരിച്ചു. ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാനും സ്വപ്‌നം കാണാനും സാധിക്കണമെങ്കില്‍ സ്‌ട്രോങ് ആയി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം പ്രിയദര്‍ശന്‍ സാറുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് ഒടിടി റിലീസിംഗിന് തീരുമാനിച്ചത്. ആമസോണ്‍ അല്ലെങ്കില്‍ തീയറ്റര്‍ അസോസിയേഷന്‍ സമ്മതിച്ചാല്‍ സ്വന്തം തീയറ്ററിലോ ലീസിനെടുത്തിട്ടുള്ള തീയറ്ററിലോ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കും. ആശിര്‍വാദിന്റെ കൂടുതല്‍ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യും.
Read Also : മരക്കാർ; ഇരുകൂട്ടരും പരസ്പരം വിട്ടു വീഴ്ചയ്ക്ക് തയാറല്ല, ഇനി ചർച്ച ആവശ്യപ്പെട്ടാൽ മാത്രം: സജി ചെറിയാൻ
40 കോടി രൂപ അഡ്വാന്‍സ് തന്നെന്ന് പറയുന്നത് വ്യാജമാണ്. 4,89,50,000 രൂപയാണ് തീയറ്ററുടമകള്‍ എനിക്ക് തന്നിരുന്നത്. ചര്‍ച്ചകള്‍ക്ക് വിളിക്കാതിരിക്കുകയും തീയറ്റര്‍ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നല്‍കിത്തുടങ്ങിയത്. പക്ഷേ ഒരു തീയറ്റര്‍കാരനും എന്നോട് പണം തിരികെ ചോദിച്ചിരുന്നില്ല. നാലുവര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് എനിക്കിപ്പോഴും ഒരു കോടി രൂപ തീയറ്ററുടമകള്‍ തരാനുണ്ട്. തീയറ്റര്‍ ഉടമകള്‍ ചെയ്ത സഹായമൊന്നും വിസ്മരിക്കുന്നില്ലെന്നും അവരും പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Story Highlights : antony perumbavoor, theatres kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here