ഉത്തപ്പയ്ക്ക് ഫിഫ്റ്റി; വെടിക്കെട്ടുമായി സഞ്ജു: കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് കേരളം ബിഹാറിനെ കീഴടക്കിയത്. ബിഹാർ മുന്നോട്ടുവച്ച 132 റൺസ് വിജയലക്ഷ്യം 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം മറികടന്നു. 57 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 20 പന്തുകളിൽ 45 റൺസ് നേടി പുറത്താവാതെ നിന്നു. ബിഹാറിനായി അശുതോഷ് അമൻ രണ്ട് വിക്കറ്റ് വീഴ്ത്തി. (kerala won bihar mushtaq)
മികച്ച തുടക്കമാണ് കേരളത്തിനു ലഭിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ ഉത്തപ്പയും മുഹമ്മദ് അസ്‌ഹറുദ്ദീനും ചേർന്ന് 64 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. ഇതിൽ വെറും 8 റൺസായിരുന്നു അസ്‌ഹറുദ്ദീൻ്റെ സമ്പാദ്യം. 29 പന്തുകളിൽ ഫിഫ്റ്റിയടിച്ച ഉത്തപ്പ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഏഴാം ഓവറിൽ അസ്‌ഹറുദ്ദീനെ (8) പുറത്താക്കിയ ക്യാപ്റ്റൻ അശുതോഷ് അമൻ ബിഹാറിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. സഞ്ജുവിനെ മറികടന്ന് മൂന്നാം നമ്പറിലെത്തിയ റോജിത്ത് കെജി (1) വേഗം മടങ്ങി. അശുതോഷിനു തന്നെ ആയിരുന്നു വിക്കറ്റ്. ഇതിനിടെ ഉത്തപ്പ റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി. താരത്തിൻ്റെ പരുക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല.
Read Also: തകർപ്പൻ ബൗളിംഗുമായി ബേസിൽ തമ്പി; ബിഹാറിനെതിരെ കേരളത്തിന് 132 റൺസ് വിജയലക്ഷ്യം
നാലാം നമ്പറിലെത്തിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഇതിനിടെ സച്ചിൻ ബേബി (6) അഭിജിത്തിൻ്റെ പന്തിൽ മടങ്ങി. പക്ഷേ, സഞ്ജു ആക്രമണ ബാറ്റിംഗ് തുടർന്നു. നാലുപാടും അനായാസം ബൗണ്ടറികൾ കണ്ടെത്തിയ കേരള ക്യാപ്റ്റൻ കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. 20 പന്തുകളിൽ 3 ബൗണ്ടറിയും 4 സിക്സറും സഹിതമായിരുന്നു സഞ്ജുവിൻ്റെ തകർപ്പൻ ഇന്നിംഗ്സ്. സഞ്ജുവിനൊപ്പം വിഷ്ണു വിനോദും (6) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. 41 പന്തിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്ന സകീബുൽ ഗനി ആണ് ബിഹാറിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി ബേസിൽ തമ്പി 4 ഓവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights : kerala won bihar syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here