ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടാൽ ഒരുപാട് ചോദ്യങ്ങളുയരും: ഷൊഐബ് അക്തർ

നാളെ അഫ്ഗാനിസ്ഥാനോട് ന്യൂസീലൻഡ് പരാജയപ്പെട്ടാൽ ഒരുപാട് ചോദ്യങ്ങളുയരുമെന്ന് പാകിസ്താൻ്റെ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യ ഫൈനലിലെത്തണമെന്നാണ് ആഗ്രഹമെന്നും പക്ഷേ, നാളെ ന്യൂസീലൻഡ് പരാജയപ്പെട്ടാൽ പാക് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യങ്ങൾ ഉയർത്തുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിൻ്റെ അഭിപ്രായ പ്രകടനം. (akhtar newzealand afghanistan t20)
“ഇന്ത്യയുടെ വിധി ന്യൂസീലൻഡിൻ്റെ കൈകളിലാണ്. ന്യൂസീലൻഡ് പരാജയപ്പെട്ടാൽ ഒരുപാട് ചോദ്യങ്ങളുയരും. അത് മറ്റൊരു ട്രെൻഡിംഗ് വിഷയമാകുമെന്ന് ഞാൻ ഭയപ്പെടുന്നു. വിവാദങ്ങളിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, പാകിസ്താനികളുടെ വൈകാരിക തലം ഇപ്പോൾ ഉയർന്നുനിൽക്കുകയാണ്. ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെക്കാൾ മികച്ച ടീമാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ, അവർ നന്നായി കളിക്കാതെ പരാജയപ്പെട്ടാൽ അത് പ്രശ്നമാകും. സോഷ്യൽ മീഡിയയെ തടയാൻ ആർക്കും കഴിയില്ല.”- അക്തർ പറഞ്ഞു.
Read Also : ടി-20 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം, സ്കോട്ട്ലന്‍ഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചു
ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് സെമി പ്രവേശനം സാധ്യമാവണമെങ്കിൽ നാളെ അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനെ കീഴടക്കണം. അങ്ങനെ വന്നാൽ, നമീബിയക്കെതിരെ ഉയർന്ന മാർജിനിൽ വിജയിച്ചാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമി കളിക്കാം. എന്നാൽ, നാളെ ന്യൂസീലൻഡ് വിജയിച്ചാൽ പാകിസ്താനും അഫ്ഗാനിസ്ഥാനും സെമിയിലെത്തും. നിലവിൽ പാകിസ്താൻ മാത്രമാണ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി ഉറപ്പിച്ചത്. 4 മത്സരങ്ങളിൽ നിന്ന് 3 ജയമുള്ള ന്യൂസീലൻഡ് രണ്ടാമതുണ്ട്. ഇന്ത്യക്കും അഫ്ഗാനിസ്ഥാനും 4 മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ഉള്ളത്. ഇനി ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്.
പാകിസ്താനും ന്യൂസീലൻഡിനും എതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ പിന്നീട് അഫ്ഗാനെയും സ്കോട്ട്‌ലൻഡിനെയും ഉയർന്ന മാർജിനിൽ പരാജയപ്പെടുത്തുകയായിരുന്നു. സ്കോട്ട്‌ലൻഡ് ഉയർത്തിയ 86 റൺസ് എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. കെഎൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയെ വേഗം ലക്ഷ്യത്തിലെത്തിച്ചത്. 19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ അഞ്ച് ഫോറും ഒരപ സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത് നേടിയത്. വിരാട് കോലിയും(2 പന്തിൽ 2), സൂര്യകുമാർ യാദവും(2 പന്തിൽ 6) ചേർന്ന് അനായാസ ജയം ടീമിന് സമ്മാനിച്ചു.
Story Highlights : akhtar on newzealand afghanistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here